തൃശ്ശൂർ: തൃശ്ശൂരിലെ ഒളരി മദർ ആശുപത്രിയിൽ തീപിടിത്തം. കുട്ടികളുടെ ഐസിയുവിലാണ് തീ പിടിച്ചത്. കുട്ടികളെയും ഗർഭിണികളായ രണ്ട് പേരെയും വേഗത്തിൽ പുറത്തെത്തിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പകൽ പതിനൊന്നേമുക്കാലോടെയാണ് സംഭവം നടന്നത്.

കുട്ടികളുടെ ഐസിയുവിലെ എസിയിൽ നിന്നാണ് തീ പടർന്നത്. മതിയായ വെന്റിലേഷനില്ലാത്തതിനാൽ മുറികളിലാകെ പുക നിറഞ്ഞിരുന്നു. ഇടനാഴികളിലേയ്ക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗെെനക്കോളജി വാർഡിലേയ്ക്കും പടർന്നു. തൃശൂരിലെ അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

വെന്റിലേഷൻ കുറവായിരുന്നതിനാൽ ചില്ലുകൾ പൊട്ടിച്ചാണ് പുക പുറത്ത് വിട്ടത്. എസിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന അറിയിച്ചു. ആശുപത്രിയിൽ ഫയർ സുരക്ഷാ സിസ്റ്റം ഉണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു. നേരത്തെ പരിശോധന നടത്തി ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.