എറണാകുളം: ബ്രഹ്മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശിയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ഇടാക്കിയതിന് പിന്നാലെ കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോഡിന്റേയും നോട്ടീസ്. 1947ലെ ജല മലിനീകരണ നിയന്ത്രണ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിന് പിഴ ഈടാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ആവശ്യപ്പെട്ടാണ് കൊച്ചി കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത്.

കൊച്ചിയിൽ കണക്ക് പ്രകാരം പ്രതിദിനം ഉണ്ടാവുന്നത് 70 ദശലക്ഷം മലിനജലമാണ്. എന്നാൽ ദ്രവ മാലിന്യ സംസ്കരണത്തിനുള്ള മതിയായ സംസ്കരണ സംവിധാനമൊരുക്കാതെ ജലാശയങ്ങളിലേക്ക് മലിന ജലം തുറന്നുവിടുന്നതിനാൽ ജലാശയങ്ങൾ മലിനമാക്കപ്പെടുന്നു എന്ന് ചൂണ്ടികാണിച്ചാണ് ബോർഡ് കോർപ്പറേഷന് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ മൂലധനച്ചെലവ് 1.75 കോടി രൂപയും അതിനുള്ള ശ്യംഖല സംവിധാനത്തിന്റെ നിർമ്മാണ ചെലവ് 5.55 കോടി രൂപയുമാണെന്ന് കണക്കാക്കിയാണ് ഇത്തരം സാഹചര്യങ്ങളിൽ പരിസ്ഥിതി ആഘാത നഷ്ടപരിഹാര തുക നിർണ്ണയിക്കുന്നത് എന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോർപ്പറേഷന് നൽകിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊച്ചിയിലെ ജലാശയങ്ങളിലെ വെള്ളത്തിന് പരിസ്ഥിതി സംരംക്ഷണ നിയമ പ്രകാരമുള്ള നിലവാരമില്ലെന്ന് നിലവിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ജലാശയങ്ങളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരികളുടെ സാന്നിധ്യവും വളരെ കൂടുതലാണ്. ശരിയായ രീതിയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാതെ ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നതാണ് ഇതിന് കാരണമാകുന്നത്.