1947 ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ അടിസ്ഥാനം മതമാണെന്നും അതിനുശേഷം അവശേഷിച്ചതെന്തും ഹിന്ദു രാഷ്ട്രമായി രൂപീകരിച്ചെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കൈലാഷിന്റെ പ്രതികരണം.

‘ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍, അത് മതപരമായ അടിസ്ഥാനത്തിലാണ് നടന്നത്. വിഭജനത്തിന് ശേഷം പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടു. ശേഷിക്കുന്ന രാജ്യം ഹിന്ദു രാഷ്ട്രമാണ്’ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഒരു വിഭാഗം മതനേതാക്കളുടെ ആവശ്യത്തെക്കുറിച്ചുളള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഭോപ്പാലില്‍ താമസിക്കുന്ന തന്റെ ഒരു മുസ്ലിം സുഹൃത്ത് എല്ലാ ദിവസവും ഹനുമാന്‍ ചാലിസ പാരായണം ചെയ്യാറുണ്ടെന്നും ശിവക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ‘ഹനുമാനെയും ശിവനെയും ആരാധിക്കാന്‍ എങ്ങനെ പ്രചോദനം ലഭിച്ചുവെന്ന് ഞാന്‍ എന്റെ മുസ്ലിം സുഹൃത്തിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ കുടുംബചരിത്രം പരിശോധിച്ചപ്പോള്‍ അവരുടെ പൂര്‍വികര്‍ രാജസ്ഥാനിലെ രജപുത്രരാണെന്നും അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ ഇപ്പോഴും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും താമസിക്കുന്നുണ്ടെന്നും മനസിലായി’ വിജയവര്‍ഗിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് അകറ്റാന്‍ ‘ഹനുമാന്‍ ചാലിസ ക്ലബ്ബ്’ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.