ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 11 പ്രതികൾക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സമർപ്പിച്ച ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  ബാനോയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ലിസ്റ്റുചെയ്യുന്നതിന് ഇന്ന് തീയതി അനുവദിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനോ 21 വയസ്സും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ അവളുടെ ഏഴ് കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്തവർ കൊലപ്പെടുത്തി. 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വെച്ചിരുന്നു. എന്നാൽ കുറ്റവാളികൾ ശിക്ഷാ ഇളവിനുള്ള അപേക്ഷ അനുവദിച്ചതിന് ശേഷം ഗുജറാത്ത് സർക്കാരിന്റെ 1992 ലെ ഇളവ് നയം പ്രകാരം ഓഗസ്റ്റിൽ വിട്ടയക്കുകയായിരുന്നു.