റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടിവിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം പദര്‍ശിപ്പിച്ച വിഷയത്തിൽ പരസ്യ കമ്പനിയുമായുള്ള കരാർ റെയിൽവേ അവസാനിപ്പിച്ചു. ബിഹാറിലെ പട്ന റെയില്‍വേ സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് മുന്നിലാണ് മൂന്ന് മിനിറ്റോളം അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതോടെ യാത്രക്കാര്‍  ഗവണ്‍മെന്റ് റെയില്‍വേ പോലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കി. വിഷയം വിവാദമായതോടെ ക്ലിപ്പ് സംപ്രേക്ഷണം ചെയ്തത ഏജൻസിയുമായുള്ള എല്ലാ കരാറുകളും റെയിൽവേ അവസാനിപ്പിച്ചത്. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി ഇസിആർ വക്താവ് ബീരേന്ദ്ര കുമാർ പറഞ്ഞു.

പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചുമതലയുളള കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യ  ഏജന്‍സി ദത്ത കമ്മ്യൂണിക്കേഷനെതിരെ രണ്ട് വ്യത്യസ്ത എഫ്‌ഐആറുകളും ചുമത്തിയിട്ടുണ്ട്. 
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബീഹാറിലെ പട്ന ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളില്‍ മൂന്നു മിനിറ്റോളം ഒരു അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചത്.  ഇതിന്റെ വീഡിയോ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആരോ പകര്‍ത്തുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.