റബര്‍ വിലയിടിവുമായി ബന്ധപ്പെട്ട്  ബിജെപിയ്ക്ക് അനുകൂലമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ്  മാർ ജോസഫ് പാംപ്ലാനി നടത്തി പ്രസ്താവന രാഷ്ടീയമായി ഗുണം ചെയ്തതോടെ റബര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാന്‍ ബിജെപി. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയായതിന് പുറമേ സഭാ നേതൃത്വവുമായി കൂടുതല്‍ അടുക്കാന്‍ ബിഷപ്പിന്റെ പ്രസ്താവന ബിജെപിയ്ക്ക് തുണയാവുകയും ചെയ്തു.  കേരളത്തിലെ ഏറ്റവും ശക്തമായ സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പാണ് ബിജെപി അനുകൂല പ്രസ്താവന നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗൗരവകരമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

റബറിന്റെ താങ്ങുവില 300 ആക്കണം എന്ന  ബിഷപ്പിന്റെ പ്രസ്താവനയും കേരളത്തില്‍ ഭരണം പിടിക്കും എന്ന മോദിയുടെ പ്രസ്താവനയും തമ്മില്‍ ബന്ധിപ്പിച്ചുള്ള നീക്കമാണ്   ബിജെപി  നടത്തുന്നത്.  ന്യൂനപക്ഷ വോട്ടുകള്‍   പെട്ടിയില്‍ വീണാല്‍ ബിജെപിയ്ക്കും കേരളത്തില്‍  എംപിമാരെ ലഭിക്കുക പ്രയാസകരമല്ല.  ബിജെപി ന്യൂനപക്ഷ മോര്‍ച്ചയും സഭാ നേതൃത്വവുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെ അടുത്ത ദിവസം തന്നെ നേരിട്ട് കാണുമെന്നു ബിജെപി ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു പറഞ്ഞു. 

കേരളത്തില്‍ ഭരണം പിടിക്കുമെന്ന് മോദി പ്രസ്താവിച്ചത് നോര്‍ത്ത്-ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ്. ഇതോടെ  വടക്ക്കിഴക്കന്‍ കാറ്റ് കേരളത്തിലും ആഞ്ഞുവീശുമോ എന്ന് ഇടത്-വലത് മുന്നണി നേതാക്കള്‍ ആശങ്കപ്പെട്ടു തുടങ്ങിയിരുന്നു.

ത്രിപുരയില്‍ കോണ്‍ഗ്രസുമായി കൈകൊര്‍ത്ത് ഒരുമിച്ച് മത്സരിച്ചിട്ട് പോലും ഒരു രാഷ്ട്രീയ ശക്തിയാകാന്‍ പോലും കഴിയാത്തത് ഒരിക്കല്‍ ത്രിപുര അടക്കിവാണിരുന്ന സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ വടക്ക് കിഴക്കന്‍ കാറ്റിനെ കേരളത്തിലെ സിപിഎം പ്രത്യക്ഷത്തില്‍ തന്നെ ഭയക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസും. കേരളത്തില്‍ കോണ്‍ഗ്രസിനും അധികാരം വേണം. 

ലവ് ജിഹാദ് വിഷയത്തില്‍ സഭ ബിജെപിയോട് ഒപ്പം നില്‍ക്കുന്ന സമീപനമാണ് നടത്തിയത്. കൃസ്ത്യന്‍ യുവതികളെ ലവ് ജിഹാദില്‍ കുടുക്കുന്നു എന്ന ആക്ഷേപമാണ് സഭാ നേതൃത്വം നടത്തിയത്.

ബിജെപി നേതാക്കള്‍ സഭാ നേതാക്കളെ കാണുകയും ഈ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് റബര്‍ വിലയിടിവ് പ്രശ്നത്തില്‍ ബിജെപിയുമായി അടുക്കുന്ന പ്രസ്താവന സഭാ നേതൃത്വം നടത്തിയത്.  ഈ പ്രസ്താവന നടത്തുന്നതിനു മുന്‍പ്  കണ്ണൂര്‍ ബിജെപി നേതാക്കള്‍ ബിഷപ്പിനെ കണ്ടിരുന്ന വാര്‍ത്തയും പുറത്ത് വന്നു.