ടൊറന്റോ: സിഖ് വിദ്യാർഥിക്ക് നേരെ കാനഡയിൽ വംശീയാതിക്രമം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് സംഭവം. ഒരു കൂട്ടം ആളുകൾ 21 കാരനായ ഗഗൻദീപ് സിങ്ങിന്റെ തലപ്പാവ് അഴിച്ചുമാറ്റി മുടിക്ക് കുത്തിപ്പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴച്ചു.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവമെന്ന് കൗൺസിലർ മോഹിനി സിങ് പറഞ്ഞു. സംഭവം അറിഞ്ഞതിനു പിന്നാലെ കൗൺസിലർ ഗഗൻദീപ് സിങ്ങിനെ സന്ദർശിച്ചു.

പലചരക്കു സാധനങ്ങൾ വാങ്ങി ഗഗൻ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബസിൽ 12-15 ചെറുപ്പക്കാരാണ് ഗഗനെ ആക്രമിച്ചത്. ചെറുപ്പക്കാർ ഗഗനു നേരെ വിഗ് എറിഞ്ഞു. തന്ന ശല്യപ്പെടുത്തേണ്ടെന്നും ശല്യപ്പെടുത്തൽ തുടരുകയാണെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ഗഗൻദീപ് ചെറുപ്പക്കാരോട് പറഞ്ഞുവെന്നും കൗൺസിലർ വ്യക്തമാക്കി.

അതിനു ശേഷം ഗഗൻദീപ് ബസിറങ്ങി. ശല്യക്കാരായ ചെറുപ്പക്കാനൊരും ഗഗൻദീപിനൊപ്പം ബസിറങ്ങി. ബസ് പോകാൻ കാത്ത് നിന്ന ശേഷം അവർ ഗഗൻദീപിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മുഖത്തും വാരിയെല്ലിനും കൈകളിലും കാലുകളിലുമെല്ലാം അടിക്കുകയും തലപ്പാവ് വലിച്ചഴിച്ച് മുടി കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു -മോഹിനി സിങ് പറഞ്ഞു.

ഒടുവിൽ ബോധാവസ്ഥയിലായ യുവാവിനെ റോഡരികിലെ മഞ്ഞുകൂനയിൽ ഉപേക്ഷിച്ച് തലപ്പാവുമായി സംഘം മടങ്ങി. ബോധം വീണ യുവാവ് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായരുന്നു.

ഇത് ഗുരുതര സംഭവമാണെന്നും ഈ സിറ്റിയിൽ ഇത്തരമൊരു ആക്രമണം നടന്നതിനെ ഗൗരവമായി കാണുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ അതിക്രമം മുൻഗണന നൽകിക്കൊണ്ട് തന്നെ അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.