ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും കിട്ടിയത് രണ്ടരലക്ഷം ഡോളര്‍ മൂല്യം വരുന്ന സമ്മാനങ്ങള്‍. അമേരിക്കന്‍ പ്രതിനിധി സഭയുടെ അക്കൗണ്ടബിലിറ്റി ആന്റ് ഓവര്‍സൈറ്റ് കമ്മറ്റി പുറത്തുവിട്ട വിവരത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രംപ് പ്രസിഡന്റ് പദവിയില്‍ ഇരിക്കെ ഇന്ത്യ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും 250,000 ഡോളറിന്റെ മുല്യം വരുന്ന പുറത്തുപറയാത്ത 100 സമ്മാനങ്ങളാണ് കിട്ടിയത്.

2018 നും 2021 നും ഇടയില്‍ ട്രംപ് കുടുംബത്തിന് ഇന്ത്യയില്‍ നിന്നും പുറത്തുവിട്ടിട്ടില്ലാത്ത 17 വസ്തുക്കളാണ് സമ്മാനം കിട്ടിയത്. ഇത് ഏകദേശം 47,000 ഡോളര്‍ (ഏകദേശം 38.8 ലക്ഷം രൂപ) മതിക്കുന്ന വസ്തുക്കളാണ്. ഇതില്‍ 11 സമ്മാനങ്ങള്‍ ട്രംപിനും ബാക്കി അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ പ്രഥമവനിതയുമായ മെലാനി ട്രംപിനും മകള്‍ ഇവാന്‍ക ട്രംപിനും മരുമകന്‍ ജേര്‍ഡ് കുഷ്‌നറിനുമാണ്.

ഏഴുലക്ഷം രൂപ വിലവരുന്ന മാക്രാനാ മാര്‍ബിള്‍വേസ്, 5.44 ലക്ഷം വില വരുന്ന പട്ടുകമ്പിളി, 2.2 ലക്ഷം വിലവരുന്ന വള, 1.5 ലക്ഷത്തിന്റെ കഫ്‌ളിങ്ക്‌സ്, പ്രധാനമന്ത്രി നരേന്ദ്രമോഡി ട്രംപിന് സമര്‍പ്പിച്ച 3.8 ലക്ഷത്തിന്റെ താജ്മഹലിന്റെ പതിപ്പ് എന്നിവയെല്ലാം ഇതില്‍ വരും. നിയമം അനുസരിച്ച് 415 ഡോളറിന് മുകളില്‍ (ഏകദേശം 34,254 രൂപ) വിദേശരാജ്യങ്ങളില്‍ നിന്നും പ്രസിഡന്റിനോ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കോ അവരുടെ കുടുംബത്തിനോ കിട്ടുന്ന സമ്മാനങ്ങള്‍ ഫോറിന്‍ ഗിഫ്റ്റ്‌സ് ആന്റ് ഡെക്കറേഷന്‍ ആക്ടിന് കീഴില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ്. ഇത് സ്വമേധയാ രാജ്യത്തിന്റെ ഉടമസ്ഥാവകാശത്തിലുള്ള വസ്തുവായി മാറുകയും ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പ്പര്യം പ്രകടിപ്പിച്ച് ട്രംപ് വീണ്ടും എത്തിയിട്ടുണ്ട്.

ട്രംപുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയത്. ചോര്‍ന്ന് കിട്ടിയ വിവരം അനുസരിച്ച് ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നുമാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ രാഷ്ട്രീയ പക പോക്കലാണ് നടക്കുന്നതെന്നും അറസ്റ്റിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടു.

2016 – ലെ തിരഞ്ഞെടുപ്പിന് മുന്‍പ് താനുമായുള്ള ബന്ധം ഒളിപ്പിച്ചു വെയ്ക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ഈ പണം ട്രംപ് ചെലവഴിച്ചതെന്നാണ് ആരോപണം. എന്നാല്‍ പണം നല്‍കിയത് സ്ഥിരീകരിച്ച ട്രംപ് അത് നല്‍കിയത് തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നല്ലെന്നാണ് വാദിക്കുന്നത്. ട്രംപിനെതിരെ കുറ്റം ചുമത്തിയാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെ ചുമത്തുന്ന ആദ്യ ക്രിമിനല്‍ കേസായിരിക്കും ഇത്.