വാഷിങ്ടണ്‍: അയല്‍വാസിയുടെ വളര്‍ത്തുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയ സ്ത്രീയെ നായ്ക്കള്‍ കടിച്ചുകൊന്നു. യു.എസിലെ പെന്‍സില്‍വാനിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കിസ്റ്റിന്‍ പൊട്ടര്‍ എന്ന 38 കാരിയാണ് അയല്‍വാസിയുടെ നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്.

ക്രിസ്റ്റിനും ഇളയ മകനും കൂടെയാണ് അയല്‍വാസിയുടെ വെന്‍ഡി സബത്‌നെയുടെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയത്. വെന്‍ഡിയുടെ മാതാവ് അസുഖ ബാധിതയായി ഐ.സി.യുവിലായതിനാല്‍ അവര്‍ ആശുപത്രിയില്‍ മാതാവിന് കൂട്ടിരിക്കുകയായിരുന്നു. വീട്ടിലെത്തി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കാത്തതിനാലാണ് ക്രിസ്റ്റിനോട് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. അതുപ്രകാരമാണ് ക്രിസ്റ്റിനും ഇളയമകനും ഭക്ഷണവുമായി നായ്ക്കളുടെ അടുത്തെത്തിയത്.

മൂന്ന് ഗ്രെയ്റ്റ് ഡെയ്‌നുകളും ഒരു ഫ്രഞ്ച് ബുള്‍ഡോഗുമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്റ്റിന്‍ ഭക്ഷണവുമായി വീട്ടിലെത്തിയ ഉടന്‍ രണ്ട് ഗ്രെയ്റ്റ് ഡെയ്‌നുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മകന്‍ ഓടി വീട്ടിലെത്തി പൊലീസ് സഹായം തേടി. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് നായ്ക്കളോട് അടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന മൃഗഡോക്ടര്‍മാരെ വിവരമറിയിച്ച് അവരെത്തി നായ്ക്കളെ മയക്കിയാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ അപ്പോഴേക്കും മരിച്ചിരുന്നുവെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’വെന്നാണ് സംഭവമറിഞ്ഞ് നായ്ക്കളുടെ ഉടമയായ വെന്‍ഡി പറഞ്ഞത്. ‘എനിക്ക് ഞെട്ടലുണ്ടാക്കുന്നു. എനിക്ക് ജീവിക്കാന്‍ തോന്നുന്നില്ല. ഇത് സംഭവിച്ചുവെന്ന് വിശ്വസി്ക്കാന്‍ കഴിയുന്നില്ല’.അവര്‍ വ്യക്ത്മാക്കി.വെന്‍ഡിയുടെ നായ്ക്കള്‍ നേരത്തെയും അക്രമ സ്വഭാവം കാണിച്ചിട്ടുണ്ടെന്ന് നിരവധി പേര്‍ പറഞ്ഞു.ക്രിസ്റ്റിനെ തന്നെ മൂന്ന് വര്‍ഷം മുമ്പ് ഈ നായ്ക്കള്‍ കടിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.സംഭവത്തില്‍ ഉടമയായ സ്ത്രീയുടെ പേരില്‍ കുറ്റം ചുമത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.