ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്നു കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ അറിയിച്ചു. ഈ വിവരങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അണക്കെട്ടിനു സുരക്ഷാപ്രശ്നങ്ങൾ ഉള്ളതായി കേരളമോ, തമിഴ്നാടോ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും മേൽനോട്ട സമിതി കോടതിയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം മേയിൽ മേൽനോട്ട സമിതി അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചിരുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. ഈ പരിശോധനയിൽ അണക്കെട്ടിനു സുരക്ഷാ-സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണു സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.