ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തി വിലസുന്ന അരിക്കൊമ്പനെ പിടികൂടാൻ തയ്യാറായി അധികൃതർ. ഇതിന്‍റെ ഭാഗമായി വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചു. അരിക്കൊമ്പന്‍റെ അരിക്കൊതി തന്നെ ആയുധമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. ഇതിനായി ഒരു ഡമ്മി റേഷൻ കട ഉണ്ടാക്കും തുടർന്ന് അവിടെ അരി സൂക്ഷിക്കാനും കഞ്ഞിവെയ്ക്കുകയുമടക്കം ചെയ്ത് ആനയെ ആകർഷിക്കാനാണ് ദൗത്യ സംഘത്തിന്‍റെ പ്ലാൻ.

ചിന്നക്കനാല്‍ സിമന്‍റ് പാലത്തിന് സമീപം റേഷന്‍ കടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനംവകുപ്പിന്‍റെ പദ്ധതി. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പടെ, ആള്‍ത്താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കും. അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടിവച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.

വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങ ആനപ്പന്തിയിൽ നിന്നും ദൗത്യത്തിനായി കൊണ്ടുപോകും. മാർച്ച് 25നെ ആനയെ മയക്കു വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.