മുസ്‌ളീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയുഗം അവസാനിച്ചുവെന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും പി കെ കുഞ്ഞാലിക്കുട്ടി കയ്യേല്‍ക്കുന്നു. ഡോ. എം കെ മുനീറിനെ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെയും, കെ എം ഷാജിയുടെയും വലിയ വിഭാഗം നേതാക്കളുടെയും ശ്രമത്തെ പാണക്കാട് സാദിഖലി തങ്ങളെ മുന്നില്‍ നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി വെട്ടിയൊതുക്കി. തന്റെ വിശ്വസ്തനായ പി എം എ സലാമിനെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തിയതോടെ മുസ്‌ളീം ലീഗില്‍ ഇപ്പോഴും അവസാന വാക്ക് താന്‍ തന്നെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി തെളിയിച്ചു.

പാണക്കാട് കുടുബത്തിന്റെ പിന്തുണ തനിക്കുള്ളകാലത്തോളം ലീഗിനെ താന്‍ തന്നെ നയിക്കുമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനമായിരുന്നു ഇന്നത്തെ പി എം എ സലാമിന്റെ വിജയം. പാണക്കാട് കുടുംബത്തിന് പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളിക്കളഞ്ഞുകൊണ്ട നിലനില്‍ക്കാന്‍ കഴിയുകയില്ലന്ന സന്ദേശം കൂടിയായി ഇത്. പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും താല്‍പര്യങ്ങള്‍ ഒരേ സമയം സംരക്ഷിക്കാനും കഴിയുന്ന ഒരേ ഒരു നേതാവ് ഇപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി മാത്രമേയുള്ളു. അത് പാണക്കാട് കുടുംബത്തിന് നന്നായി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനുമായുളള പി കെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ അടുപ്പം, ലീഗിനെ സാമ്പത്തികമായി സഹായിക്കുന്ന ഗള്‍ഫ് നാടുകളിലെ വലിയ ബിസിനസ് ലോബിയുമായുള്ള ബന്ധം, ഇതൊക്കെയാണ് പി കെ കുഞ്ഞാലിക്കുട്ടിയെ ശക്തനാക്കുന്നത്. ഏത് തിരഞ്ഞെടുപ്പ് വന്നാലും ലീഗിന് ഫണ്ട് വരണമെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി വേണമെന്നുളളത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നീക്കം ചിന്തിക്കാന്‍ പോലും പാണക്കാട് കുടുംബത്തിന് കഴിയുകയില്ല.

അത് കൊണ്ട് തന്നെ എം കെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കുന്ന ഒരു നീക്കത്തിനും പച്ചക്കൊടികാണിക്കാന്‍ പാണക്കാട് തങ്ങള്‍മാര്‍ക്ക് കഴിയില്ല. എം കെ മുനീറിനെ ഗള്‍ഫിലെ ബിസിനസ് ലോബിക്ക് യാതൊരു താല്‍പര്യവുമില്ല. അതോടൊപ്പം ലീഗിലെ അണികള്‍ക്കും അദ്ദേഹത്തെ കാര്യമായി ഉള്‍ക്കൊള്ളനാകില്ല. പുതിയ തലമുറ നേതാക്കള്‍ മുനീറിനൊപ്പമാണെങ്കിലും പാണക്കാട് കുടുംബം പറയുന്നതിനപ്പുറം ലീഗില്‍ ഇപ്പോഴും ഒന്നും നടക്കില്ല.