തിരുവനന്തപുരം: ഗവൺമെന്‍റ് ലോ കോളജിൽ എസ്എഫ്ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. കോളജിൽ നടന്നത് എന്താണെന്ന് എസ്എഫ്ഐക്കാരോട് ചോദിച്ചിട്ട് പറയാം. ജനാധിപത്യരീതിയിൽ സമരം ചെയ്യുകയാണ് വേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.

ലോ കോളജിൽ അധ്യാപകരെയും പ്രിൻസിപ്പലിനെയും മുറിക്കകത്ത് പൂട്ടിയിട്ട എസ്എഫ്ഐയുടെ നടപടിയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഗോവിന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കെഎസ്‌യു- എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 24 എസ്എഫ്ഐ വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് നടപടിയെടുത്തത്.

കെഎസ്‌യു പ്രവർത്തകർ തങ്ങളെ മർദിച്ചുവെന്നും അവർക്കെതിരെയും നടപടി വേണമെന്നും അല്ലാത്ത പക്ഷം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാർഥികൾ പ്രിൻസിപ്പൽ ഉൾപ്പെടെ 21 അധ്യാപകരെ കഴിഞ്ഞ ദിവസം ഓഫീസ് മുറിയിൽ പൂട്ടിയിട്ടിരുന്നു.

ഒരു അധ്യാപികയെ മർദിക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണമുയർന്നു.