തൃശൂർ: പാലപ്പിള്ളി തോട്ടത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാവിലെയാണ് ഹാരിസണ്‍ കമ്പനിയുടെ 90 ഫീല്‍ഡിൽ കുട്ടികള്‍ ഉള്‍പ്പടെ 20 ഓളം ആനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്.

പുലര്‍ച്ചെ കാടിറങ്ങിയ ആനകൾ തോട്ടത്തിന്‍റെ പല ഭാഗങ്ങളില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ ടാപ്പിംഗ് നടത്താതെ മടങ്ങി. ഒറ്റയായും കൂട്ടമായും ആനകള്‍ നിന്നതോടെ ആക്രമണ ഭീതിയിലായിരുന്നു തൊഴിലാളികൾ.

പിള്ളത്തോടിന് സമീപത്തെ ആനത്താരയിലൂടെയാണ് ആനകള്‍ തോട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിന്‍റെ മുന്പില്‍പ്പെട്ട് ബൈക്ക് മറിഞ്ഞ് തൊഴിലാളികളായ ദമ്പതികള്‍ക്ക് പരിക്കേറ്റതും ആനത്താരിക്ക് സമീപമാണ്.

കാടിറങ്ങുന്ന ആനക്കൂട്ടം പകല്‍ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാര്‍ക്കും ആശങ്കക്കിടയാക്കുന്നുണ്ട്. ആനക്കൂട്ടത്തെ കാടുകയറ്റാന്‍ വനപാലകരും തൊഴിലാളികളും ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു ഫലവും ഇതുവരെയുണ്ടായിട്ടില്ല.

ആനകള്‍ സ്ഥിരമായി പോകുന്ന പാതയോരത്ത് മുന്‍കരുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജീവന്‍ പണയപ്പെടുത്തി ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.