ജയ്പുർ: 19 പുതിയ ജില്ലകളും മൂന്ന് പുതിയ റവന്യൂ ഡിവിഷനുകളും പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ജില്ലാ പുനർനിർണയത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.
ജയ്പൂർ നോർത്ത്, ജയ്പൂർ സൗത്ത്, ജോധ്പൂർ ഈസ്റ്റ്, ജോധ്പൂർ വെസ്റ്റ്, അനുപ്ഗഡ്, ബലോതര, ബേവാർ, ദീഗ്, ദീദ്വാന-കുചമാൻ, ദുദു, ഗംഗാപൂർ സിറ്റി, കേഖ്രി, കോട്പുട്ലി-ബെഹ്റോർ, ഖൈർതാൽ, നീം കാ താന, ഫലോഡി, സലൂംബർ, സഞ്ചോർ, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകൾ. ബൻസ്വാര, പാലി, സിക്കാർ എന്നിവയാണ് സംസ്ഥാനത്തെ പുതിയ ഡിവിഷനുകൾ.
നിലവിൽ 33 ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്. ബിജെപി നേതാവ് വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ, 2005-ൽ പ്രതാപ്ഗഡ് ജില്ലയ്ക്ക് രൂപം നൽകിയ ശേഷമുള്ള ആദ്യ ജില്ലാ പുനർനിർണയമാണിത്. ഗെഹ്ലോട്ട് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.