ഇസ്‍ലാമാബാദ്: പാകിസ്താനിൽ പണപ്പെരുപ്പം കൂടുന്നതു മൂലം ദരിദ്ര ജനവിഭാഗം ഭക്ഷണത്തിനു പോലും വക കണ്ടെത്താനകാതെ ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെല്ലാം ഭക്ഷണത്തിനു പോലും വക തേടാനാകാത്ത അവസ്ഥയാണ്.

ഈയാഴ്ച മാത്രം 0.96 ശതമാനമാണ് പണപ്പെരുപ്പം വർധിച്ചത്. 45.64 ശതമാനമാണ് വാർഷിക വർധനവെന്ന് പാകിസ്താൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. 28 അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയർന്നിരിക്കുന്നു. എന്നാൽ 11 അവശ്യ വസ്തുക്കളുടെ വില മാത്രമാണ് കുറഞ്ഞത്.

ഈയവസ്ഥയിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ ഭൂരിഭാഗവും പട്ടിണിയിലാണ്. പട്ടിണി എന്നത് സാധാരണയായി മാറുമെന്ന് കഴിഞ്ഞ ദിവസം വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു. കുട്ടികളെയാണ് ഇത് രൂക്ഷമായി ബാധിക്കുന്നതെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം പറയുന്നു. കുട്ടികളുടെ ശരീരിക -ആരോഗ്യ വളർച്ചയെ പട്ടിണി രൂക്ഷമായി ബാധിക്കും.

പലരും ജോലി നഷ്ടമാവുകയും പണപ്പെരുപ്പം മൂലം ഭക്ഷണമുൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങളൊന്നും നിറവേറ്റാനകാകാതെയും ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം ഒരാൾ ഭാര്യക്കും രണ്ട് പെൺകുട്ടികൾക്കും പാനീയത്തിൽ വിഷം കലർത്തി നൽകി ആത്മഹത്യാശ്രമം നടത്തി. ഒരു മകൾ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരാണ് ഇത്തരത്തിൽ ആത്മഹത്യാശ്രമം നടത്തിയത്.

ഭക്ഷ്യക്ഷാമം പോലുള്ള പ്രശ്നങ്ങൾ നേരിടാൻ കടത്തിൽ മുങ്ങിയ സർക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല. മാറിമാറി വന്ന സർക്കാറുകളൊന്നും ഭക്ഷ്യ സുരക്ഷയെ കുറിച്ച് ചിന്തിച്ചില്ലെന്നും ഇതാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാകാനിടയാക്കിയതെന്നും വിദഗ്ധർ പറയുന്നു.