ബംഗലുരു: ഒരാഴ്ച പോലും എടുക്കും മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പോയ എക്‌സ്പ്രസ് വേ ശക്തമായ ഒരു മഴ പെയ്തപ്പോള്‍ തന്നെ കുളമായി. കര്‍ണാടകയില്‍ മാര്‍ച്ച് 12 ന് ഉദ്ഘാടനം ചെയ്ത ബംഗലുരു – മൈസൂരു എക്‌സ്പ്രസ് വേയാണ് കനത്ത മഴ പെയ്തപ്പോള്‍ കുളമായി മാറിയത്.

ബംഗലുരുവിലെ രാമനഗര ജില്ലയ്ക്ക് സമീപമാണ് വെള്ളക്കെട്ട്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ജനതാദളിനും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പുതിയ ആയുധമായി എക്‌സ്പ്രസ് വേ മാറിയിട്ടുണ്ട്. 8480 കോടി രൂപമുടക്കി നിര്‍മ്മിച്ച ഹൈവേ റോഡ് വെള്ളിയാഴ്ച രാത്രി ശക്തമായി ഒരു മഴ പെയ്തപ്പോള്‍ തന്നെ വെള്ളത്തിലായി. കഴിഞ്ഞ മഴക്കാലത്തും എക്‌സ്പ്രസ് വേയില്‍ വെള്ളം കയറുകയും തുടര്‍ന്ന് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസും ജനതാദളും രംഗത്ത് വന്നിരുന്നു.

ഹൈവേയുടെ അടിപ്പാലത്തിലാണ് വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. എന്‍എച്ച് 275ന്റെ ഭാഗമായി 8, 479 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പാതയാണിത്. നേരത്തേ മിനുസമേറിയ ടാറിംഗില്‍ മഴയുള്ളപ്പോള്‍ ബ്രേക്ക് ചവിട്ടിയാല്‍ വാഹനങ്ങള്‍ തെന്നി നീങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നപ്പോള്‍ ദേശീയപാതാ അതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതാണ്. പല തവണ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് പലതരം അപകടങ്ങള്‍ക്ക് ഇരയായെന്ന് ആരോപിച്ച് ട്വിറ്ററില്‍ പ്രതികരണവുമായി അനേകരാണ് എത്തിയിട്ടുള്ളത്. വെള്ളത്തിലൂടെ വാഹനങ്ങള്‍ നീങ്ങുന്നതിന്റെയും മറ്റും വീഡിയോ ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്.