കൊച്ചി: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു. 92 വയസായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. ആർച്ച് ബിഷപ് ഇമെരിറ്റസായ ഇദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ പട്ടം സ്വീകരിച്ച അ​ദ്ദേഹം 1972 ജനുവരി 29 ന് ചങ്ങനാശേരി രൂപതയുടെ സഹായ മെത്രാനായും കേസറിയാ ഫിലിപ്പിയുടെ സ്ഥാനിക മെത്രാനായും അഭിഷിക്തനായി. പോള്‍ ആറാമന്‍ മാര്‍പ്പാപ്പായില്‍ നിന്ന് റോമില്‍ വച്ചാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്. മെത്രാന്‍ പട്ടം സ്വീകരിക്കുന്ന സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആദ്യത്തെയാളായിരുന്നു മാര്‍ പൗവ്വത്തില്‍.

1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1985 നവംബര്‍ 16 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായി. 1986 ജനുവരി 17 ന് ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം. 2007 മാര്‍ച്ച് 19 ന് വിരമിച്ചു. 1992 മുതല്‍ 2007 വരെ സിറോ മലബാര്‍ ചര്‍ച്ച് സ്ഥിരം സിനഡ് അംഗമായിരുന്നു.

സഭാപരമായ നിലപാടുകളില്‍ തികച്ചും കാര്‍ക്കശ്യക്കാരനായിരുന്ന പൗവ്വത്തില്‍ പിതാവ് സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും ​വേണ്ടി നിലകൊണ്ടിരുന്ന ആളാണ്.’സീറോ മലബാര്‍ സഭയുടെ കിരീടം’ എന്നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പൗവ്വത്തില്‍ പിതാവിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സി.ബി.സി.ഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.