കൊച്ചി: യുഎസ് ബാങ്കിങ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർഥം കൊച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ബാങ്കിങ് മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ബാങ്കിങ് രംഗത്തെ നിയന്ത്രണങ്ങളുടേയും മേല്‍നോട്ടത്തിന്റേയും പ്രാധാന്യമാണ് ഉയര്‍ത്തിക്കാട്ടുന്നത്. ആസ്തിയും ബാധ്യതയും വിവേകപൂര്‍വം കൈകാര്യം ചെയ്യുക, കരുത്തുറ്റ റിസ്‌ക് മാനേജ്‌മെന്റ്, ബാധ്യതകളിലും ആസ്തികളിലും സുസ്ഥിരമായ വളര്‍ച്ച, കാലാനുസൃത പരിശോധന, അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ നേരിടാന്‍ ആവശ്യമായ മൂലധനം കരുതുക എന്നിവയുടെ പ്രധാന്യം യുഎസ് പ്രതിസന്ധി വ്യക്തമാക്കുന്നു, അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 പ്രതിസന്ധിയ്ക്കു പുറമെ യുക്രൈനിലെ യുദ്ധവും, ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഒന്നിലധികം ആഘാതങ്ങളുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുകയും അതിവേഗം വളരുന്ന ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു- ഗവര്‍ണര്‍ പറഞ്ഞു.