ഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. “ആരുമായും സഖ്യമില്ല. ഞങ്ങൾ ഒറ്റയ്ക്കാണ് പോകുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങൾ ഒറ്റയ്ക്ക് അധികാരത്തിലെത്തും,” ശിവകുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക തീരുമാനിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിൽ പങ്കെടുക്കാനാണ് ഡികെ ശിവകുമാർ ഡൽഹിയിലെത്തിയത്.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് സിഇസി യോഗം ചേർന്നത്. പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവരും പാനലിലെ മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഈ വർഷം മേയിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.

സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക  മാർച്ച് 18-നകം പുറത്തുവരാൻ സാധ്യതയുള്ളതായി വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധി മാർച്ച് 20 ന് ബെൽഗാം സന്ദർശിക്കുന്നതിന് മുന്നോടിയായി 120-130 സീറ്റുകൾ പ്രഖ്യാപിക്കാനാണ് സാധ്യത.