കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പി.എഫ്‌.ഐ) നിരോധനത്തിനു മുന്നോടിയായി കഴിഞ്ഞ സെപ്‌റ്റംബറില്‍ നടത്തിയ റെയ്‌ഡില്‍ അറസ്‌റ്റിലായവര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യവ്യാപകമായി നടന്ന റെയ്‌ഡില്‍, കേരളത്തിലെ കേസുകളില്‍ മാത്രമാണു കുറ്റപത്രമായത്‌. പ്രതിപ്പട്ടികയില്‍ 59 പേരുണ്ട്‌. പി.എഫ്‌.ഐ. സംസ്‌ഥാനനേതാവായിരുന്ന കരമന അഷ്‌റഫ്‌ മൗലവിയാണ്‌ ഒന്നാംപ്രതി.

കൊച്ചിയിലെ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്‌. ദാറുള്‍ ഖദ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനു കോടതിയുണ്ടെന്നും അതിന്റെ തീരുമാനപ്രകാരമാണു കൊലപാതകങ്ങളടക്കം നടത്തിയതെന്നുംകുറ്റപത്രത്തില്‍ പറയുന്നു.

ഇതരമതസ്‌ഥര്‍ക്കെതിരായ ഗൂഢാലോചന, മതസ്‌പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കല്‍, ഇസ്ലാമികഭരണം സ്‌ഥാപിക്കല്‍ എന്നിവയാണു പ്രതികള്‍ക്കെതിരായ കുറ്റാരോപണം. മുസ്ലിം യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കി. 2047-ല്‍ ഇന്ത്യയെ ഇസ്ലാമികരാജ്യമാക്കുകയെന്ന ലക്ഷ്യം നേടാന്‍ ധനസഹാമഹരണം നടത്തി. ആഗോളഭീകരസംഘടനയായ ഐ.എസിന്റെ ഉള്‍പ്പെടെ പിന്തുണയോടെ രാജ്യത്ത്‌ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിട്ടു. യുവാക്കളെ ഐ.എസില്‍ ചേര്‍ക്കാന്‍ രഹസ്യപ്രചാരണം നടത്തി.

അതിനായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ ധനസമാഹരണം നടത്തിയതിനു തെളിവുണ്ടെന്നും എന്‍.ഐ.എ. വ്യക്‌തമാക്കി. യു.എ.പി.എ. 45-ാം വകുപ്പുപ്രകാരം വിചാരണയ്‌ക്കു കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇതിനായി എന്‍.ഐ.എ. നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രണ്ടംഗസമിതി പരിശോധിച്ചുവരുന്നു. അറസ്‌റ്റ്‌ രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണു യു.എ.പി.എ. വ്യവസ്‌ഥ. കഴിഞ്ഞ സെപ്‌റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡില്‍ നൂറോളം പി.എഫ്‌.ഐ. പ്രവര്‍ത്തകരെയാണ്‌ എന്‍.ഐ.എ. കസ്‌റ്റഡിയിലെടുത്തത്‌.