ന്യൂയോർക്ക്: തന്റെ ‘കൈലാസ’ രാജ്യവുമായി 30 യുഎസ് നഗരങ്ങൾ സാംസ്കാരിക പങ്കാളിത്തത്തിൽ ഒപ്പുവെച്ചതായി സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ വെബ്സൈറ്റിലാണ് ഈ അവകാശവാദം. റിച്ച്മണ്ട്, വിർജീനിയ, ഒഹായോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളുടെ നീണ്ട പട്ടിക അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ന്യൂജഴ്സിയിലെ നെവാർക്ക് നഗരം കൈലാസയുമായുള്ള സഹോദര നഗര കരാർ പിൻവലിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വന്നത്.

സാങ്കൽപിക കൈലാസ രാഷ്ട്രവുമായുള്ള കരാറിൽ ഏർപ്പെട്ടതായി മിക്ക നഗരങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മേയർമാരോ സിറ്റി കൗൺസിലുകളോ മാത്രമല്ല ഫെഡറൽ ഗവൺമെന്റിനെ ഭരിക്കുന്ന ആളുകളും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

അതേസമയം കൈലാസയെ കുറിച്ചുള്ള കാര്യങ്ങൾ അറിഞ്ഞയുടനെ നടപടിയെടുക്കുകയും കരാർ റദ്ദാക്കുകയും ചെയ്തുവെന്ന് നെവാർക്ക് സിറ്റി കമ്യൂണിക്കേഷൻസ് വകുപ്പ് പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ പറഞ്ഞു. ഇത് ഖേദകരമായ സംഭവമാണെന്നും ഗാരോഫാലോ പ്രതികരിച്ചു.

കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തത് വിവാദമായിരുന്നു. ഫെബ്രുവരി 22നും 24നുമായി നടന്ന പരിപാടിയിൽ സ്ത്രീകളുടെ തുല്യതയും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തിരുന്നു