വാഷിങ്ടൺ: ഗർഭഛിദ്രത്തിനുള്ള ഗുളികകൾ ഉപയോഗിക്കുന്നത് നിരോധിച്ച് അമേരിക്കൻ സംസ്ഥാനമായ വ്യോമിങ്. യാഥാസ്ഥിതികരായ റിപ്പബ്ലിക്കൻ പാർട്ടിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. റപ്പബ്ലിക്കൻ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഗർഭഛിദ്ര ഗുളികൾ നിരോധിക്കണമെന്ന പ്രചാരണം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരിക്കുകയാണ് വ്യോമിങ്.

ഗർഭഛിദ്രം പൂർണമായി നിരോധിക്കുന്ന നിയമം സംസ്ഥാന ഭരണഘടനയിൽ ​എഴുതിച്ചേർക്കണമെന്നും അത് വോട്ടർമാർക്കിടയിൽ അനുമതിക്കായി നൽകണമെന്നും ഗർഭഛിദ്ര ഗുളികകൾക്ക് നിരോധനമേർപ്പെടുത്തിയ ബില്ലിൽ ഒപ്പിട്ട ശേഷം ഗവർണർ മാർക്ക് ഗോഡൻ സാമാജികരോട് ആവശ്യപ്പെട്ടു.

‘​വ്യോമിങ്ങിലെ ഗർഭഛിദ്ര പ്രശ്നം അവസാനിക്കണമെങ്കിൽ ഗർഭഛിദ്ര നിരോധം കൊണ്ടുവരണമെന്നാണ് ഞാൻ കരുതുന്നത്. ഇത് ജനങ്ങളുടെ അഭിപ്രായം തേടി നടപ്പാക്കുകയാണ് ഏറ്റവും ഉത്തമം’ -ഗവർണർ പറഞ്ഞു.

കഴിഞ്ഞ വർഷം ഗർഭചിദ്ര നിരോധനം സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ഗർഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകളുടെ വിജയമായിരുന്നു. അതിനു പിന്നാലെയാണ് വ്യോമിങ് ഗുളികകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

ടെക്സാസിലെ കോടതി ഗർഭഛിദ്ര നിരോധനം രാജ്യവ്യാപകമാക്കി നടപ്പാക്കുന്നതിനെ കുറിച്ചും പരാമർശിച്ചിരുന്നു. ദശകങ്ങളായി അമേരിക്കയിൽ പ്രചാരത്തിലുള്ള ഗർഭഛിദ്ര ഗുളികയാണ് മിഫ്പ്രിസ്റ്റോൺ. ഇത്തരം ഗർഭഛിദ്ര ഗുളികകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും ടെക്സാസ് കോടതി ഉത്തരവിട്ടിരുന്നു. ഗുളികകൾ അയച്ചുകൊടുക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കണമെന്നുകൂടെ ടെക്സാസിലെ സാമാജികർ ആവശ്യ​പ്പെട്ടിരുന്നു.

‘ജീവൻ വിശുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജനിക്കാത്തവരുൾപ്പെടെ എല്ലാ വ്യക്തികളോടും അന്ത​സ്സോടെയും സഹാനുഭൂതിയോടെയും പെരുമാറണം’ -വ്യോമിങ് ഗവർണർ പറഞ്ഞു. 15 സംസ്ഥാനങ്ങൾ ഇതുവരെ ഗർഭഛിദ്ര ഗുളികകളുടെ ഉ​പയോഗം നിയന്ത്രിച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകരുതെന്നാണ് നിയന്ത്രണം