ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണിതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മെയ് മാസത്തിൽ തന്നെ സന്ദർശനമുണ്ടാകുമെന്നാണ് വിവരം.

ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ചൈനയുടെ ഭീഷണി തടയുന്നതിന് ഇന്തോ -പെസഫിക് മേഖല തുറന്നുകൊടുക്കുന്നതിനുമുള്ള ചർച്ചകൾ നടക്കും.

സന്ദർശനം ജൂണിലേക്കായിരുന്നു ​വൈറ്റ് ഹൗസ് തീരുമാനിച്ചിരുന്നതെങ്കിലും തീയതികൾ തമ്മിൽ യോജിക്കാതെ വന്നതിനാലാണ് മെയ് മാസത്തിൽ നടത്താൻ തീരുമാനമായതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മോദിയോടൊപ്പമുള്ള ഡിന്നർ ബൈഡന്റെ മൂന്നാമത്തെ ഔദ്യോഗിക രാജ്യ സന്ദർശന പരിപാടിയാണ്. ആദ്യം ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയാണ് അദ്ദേഹം ക്ഷണിച്ചിരുന്നത്. ഏപ്രിൽ 26ന് സൗത് കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ സ്വീകരിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിൽ സെപ്തംബറിൽ ജി 20 ഉച്ചകോടി നടക്കുന്നുണ്ട്. അതിൽ റഷ്യ – യുക്രെയ്ൻ യുദ്ധം ചർച്ചയാകും. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉച്ചകോടിയിൽ പ​ങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.