ന്യൂഡൽഹി: ടാറ്റാ കൺസൾട്ടൻസി സർവീസസ് സി.ഇ.ഒ രാജേഷ് ഗോപിനാഥന്റെ വാർഷിക വരുമാനം പുറത്ത്. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും 26.6 ശതമാനം വർദ്ധനവുണ്ടായതോടെ 2021-22 സാമ്പത്തിക വർഷത്തിലെ രാജേഷ് ഗോപിനാഥന്റെ വരുമാനം 25.75 കോടിയായതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് കമ്പനിയിലെ പ്രകടനത്തെ മുൻനിർത്തിയാണ് പ്രതിഫലം നിശ്ചയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശമ്പളത്തിനു പുറമെ വേതനാധികലാഭവും മറ്റാനുകൂല്യങ്ങളും മാനേജിങ് ഡയറക്ടർമാർക്കും എക്സിക്യൂട്ടിവ് ഡയറക്ടർമാർക്കും കമ്പനി നൽകുന്നതായാണ് വിവരം. 

2013 മുതൽ ടാറ്റ കൺസൾട്ടൻസിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു മലയാളിയായ രാജേഷ് ഗോപിനാഥൻ. 2017-ലാണ് സി.ഇ.ഓയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.