ജയ്പൂർ: രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ പ്രഖ്യാപിച്ച് ​മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 15 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്. നേരത്തെയുള്ള 33 ജില്ലകളും കൂട്ടി ഇപ്പോൾ 52 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാൻ നിയമസഭയിൽ ധനവിനിയോഗ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ഗെലോട്ടിന്റെ പ്രഖ്യാപനം.

കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ദീർഘകാല ആവശ്യം പരി​ഗണിച്ചു കൊണ്ടാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അശോക് പറഞ്ഞു. ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രണ്ട് കോണുകൾക്കിടയിലുള്ള ദൂരം 100 കിലോമീറ്ററിൽ കൂടുതലുള്ള നിരവധി ജില്ലകൾ സംസ്ഥാനത്ത് ഉണ്ടെന്നും ഇത് ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഗെലോട്ട് പറഞ്ഞു. കാര്യക്ഷമമായ ക്രമസമാധാനം നിലനിർത്താൻ ജില്ലകൾ ചെറുതാണെങ്കിൽ ​ഗുണകരമാവുമെന്നും ​ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.  

രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടക്കും. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ​ഗെഹ്ലോട്ടിന്റെ പുതിയ നീക്കം. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്ന് ബി ജെപി വിമർശിച്ചു. അനുപ്ഗഡ്, ബലോത്ര, ബീവാര്‍, ഡീഗ്, ഡുഡു, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, ഗംഗാപൂര്‍ സിറ്റി, കെക്രി, കോട്പുത്ലി, ബെഹ്റോര്‍, ഖൈര്‍താല്‍, നീംകത്തന, സഞ്ചോര്‍, ഫലോഡി, സലുംബര്‍, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകള്‍.

രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ 52 ജില്ലകളുണ്ട്. ഇവിടെ 72 ദശലക്ഷം ജനസംഖ്യയുണ്ട്. രാജസ്ഥാനിൽ 78 ദശലക്ഷത്തോളം ജനസംഖ്യയാണുള്ളത്. ഈ വർദ്ധനയോടെ, അതിപ്പോൾ 52 ജില്ലകളാകും.