കള്ളനോട്ടു കേസിൽ പ്രതിയായ കൃഷി ഓഫിസർ ജിഷമോൾ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ ഹണിട്രാപ് പ്രയോഗിച്ചത് എലിക്കെണി പദ്ധതിയിലെ ക്രമക്കേടു മറയ്ക്കാൻ. ജിഷ ഏതാനും വർഷം മുൻപ് മാരാരിക്കുളം തെക്ക് കൃഷിഭവനിൽ ജോലി ചെയ്യുമ്പോഴാണിത്. അവിടെ കേരഗ്രാമം പദ്ധതിയിലും ക്രമക്കേടു കണ്ടെത്തിയിരുന്നതായി അറിയുന്നു.കർഷകർക്ക് 50% സബ്സിഡിയിൽ എലിക്കെണി നൽകുന്ന പദ്ധതിയിൽ 360 എലിക്കെണി നൽകേണ്ടിയിരുന്നു.

എന്നാൽ, 54 പേർക്കേ നൽകിയുള്ളൂ എന്നും കുറച്ചെണ്ണം കൃഷിഭവനിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. കണക്കു പരിശോധിച്ചപ്പോൾ ആകെ 116 എണ്ണത്തിന്റെ കണക്കേ ഉണ്ടായിരുന്നുള്ളൂ. കൃഷി ഓഫിസർ 88,000 രൂപ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വിഭാഗം നിർദേശിക്കുകയും ചെയ്തു. ഇതെപ്പറ്റി അന്വേഷിക്കാനെത്തിയ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥനെയാണ് ജിഷ ഹണിട്രാപ്പിൽ പെടുത്തിയത്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ജിഷ വ്യാജപരാതി നൽകിയെന്നും അറിയുന്നു.

കൃഷി ഓഫിസർ ഉൾപ്പെടെ പ്രതിയായ കള്ളനോട്ടുകേസിൽ എ.അജീഷ് കുമാർ, ഗോകുൽരാജ്, എസ്.ഷാനിൽ, ജി.ശ്രീകുമാർ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. ഇവർ വാഹനം തട്ടിയെടുത്തു യാത്രക്കാരെ മർദിച്ച കേസിൽ പാലക്കാട്ടു പിടിയിലായി ജയിലിലാണ്. പാലക്കാട്ടെ കേസിൽ പിടിയിലായതോടെയാണ് കള്ളനോട്ടുകേസിൽ ഇവർക്കു ബന്ധമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്.