അസം: സംസ്ഥാനത്ത് മദ്രസകൾക്കെതിരെയുള്ള അടിച്ചമർത്തൽ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ജനങ്ങൾ സ്കൂൾ,കോളേജ് വിദ്യാഭ്യാസമാണ് ആഗ്രഹിക്കുന്നതെന്നും മദ്രസകൾ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും ഹിമന്ത ബിശ്വ പറഞ്ഞു. “ഞാൻ 600 മദ്രസകൾ അടച്ചു, ഞങ്ങൾക്ക് മദ്രസകൾ ആവശ്യമില്ലാത്തതിനാൽ എല്ലാ മദ്രസകളും പൂട്ടാൻ ഞാൻ ഉദ്ദേശിക്കുന്നു. ഞങ്ങൾക്ക് സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളും വേണം,”എന്ന് ഹിമന്ത ബിശ്വ പറഞ്ഞു. വ്യാഴാഴ്ച കർണാടകയിലെ ബെലഗാവിയിൽ ബിജെപി നടത്തിയ വിജയ് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് ശർമ്മ പറഞ്ഞു. 

സംസ്ഥാനത്തെ മദ്രസകൾ “പൊതുവിദ്യാഭ്യാസം” നൽകുന്ന “റെഗുലർ സ്കൂളുകളായി” മാറ്റണമെന്ന് 2020-ൽ അസമിൽ ഒരു വിവാദ നിയമം അവതരിപ്പിച്ചിരുന്നു. അസമിൽ 2023 ജനുവരി വരെ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 3,000 മദ്രസകളാണുള്ളത്. “ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ അസമിൽ വന്ന് നമ്മുടെ നാഗരികതയ്ക്കും സംസ്കാരത്തിനും ഭീഷണി സൃഷ്ടിക്കുന്നു” എന്നും ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടു. 

“ഇന്ത്യയുടെ ചരിത്രം ബാബറിനേയും ഔറംഗസേബിനെയും ഷാജഹാനെയും കുറിച്ചുള്ളതാണെന്ന് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും കാണിച്ചുതന്നു. ഇന്ത്യയുടെ ചരിത്രം അവരെക്കുറിച്ചല്ല, ഛത്രപതി ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ് സിംഗ്, സ്വാമി വിവേകാനന്ദൻ എന്നിവരെക്കുറിച്ചാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ”ശർമ്മ പറഞ്ഞു. കോൺഗ്രസിനെ മുഗളന്മാരുമായി താരതമ്യപ്പെടുത്തി, പ്രതിപക്ഷ പാർട്ടി രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഒരു കാലത്ത് ഡൽഹി ഭരണാധികാരി ക്ഷേത്രങ്ങൾ തകർക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൽ ഞാൻ ക്ഷേത്രങ്ങൾ പണിയുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യ. ഈ പുതിയ ഇന്ത്യയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഇന്ന് പുതിയ മുഗളന്മാരെ പ്രതിനിധീകരിക്കുന്നു,” ശർമ്മ പറഞ്ഞു.