നൈജീരിയയിൽനിന്നുള്ള ആർച്ച്ബിഷപ്പ് ഫോർത്തുണാത്തൂസ് ന്വചുക്കുവിനെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വത്തിക്കാൻ നയതന്ത്ര പ്രതിനിധിയും മുൻ വത്തിക്കാൻ പ്രോട്ടോകോൾ വിഭാഗം മേധാവിയുമായിരുന്നു അദ്ദേഹം. ഡിക്കസ്റ്ററിയിലെ പ്രഥമ സുവിശേഷവത്കരണത്തിനും, പുതിയ വ്യക്തിഗത സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിലായിരിക്കും അദ്ദേഹം സേവനമനുഷ്ഠിക്കുക.

അക്വാവീവയുടെ സ്ഥാനിക മെത്രാനായ ആർച്ച്ബിഷപ്പ് ന്വചുക്കു 2021 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭയിലേക്കും ജനീവയിലെ പ്രത്യേക സ്ഥാപനങ്ങൾ, ലോക വ്യാപാര സംഘടന എന്നിവയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്‌തു വരവെയാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് പുതിയ ഈ നിയോഗം നൽകിയിരിക്കുന്നത്. കുടിയേറ്റകാര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര സംഘടനയിലും വത്തിക്കാന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.

നൈജീരിയയിലെ ഉമുവഹിയാ രൂപതയിൽ 1960 മെയ് 10-ന് ജനിച്ച ഇദ്ദേഹം 1984 ജൂൺ 17-ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ പാപ്പാ 2012-ൽ.അദ്ദേഹത്തെ നിക്കരാഗ്വയിലെ അപ്പസ്തോലിക നൂൺഷ്യോയായി നിയമിച്ചിരുന്നു.