കൊച്ചി: ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ തെലങ്കാന മാതൃകയില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തു തെലുങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അടുത്തയാഴ്ച കേസ് പരിഗണിക്കാമെന്നാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നപക്ഷം അതിന്റെ ചുവടുപിടിച്ചു സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാനാണു കേരളത്തിന്റെ നീക്കം. വിഷയം പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

അടിയന്തര സ്വഭാവമുള്ള അഞ്ചു ബില്ലുകളാണു ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുന്നത്. ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതും ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതിനുമുള്ള ബില്ലുകളാണു പ്രധാനപ്പെട്ടവ. രണ്ടു ബില്ലുകളിലും ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ 14 ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്നാല്‍, ഇനിയും സുപ്രധാന ബില്ലുകള്‍ ഒപ്പിടാനുണ്ട്. ക്ഷീരോല്‍പാദ സംഘത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ക്കു വോട്ടവകാശം നല്‍കുന്നതിനുള്ള സഹകരണസംഘം ഭേദഗതി ബില്ലും ഇതിലുള്‍പ്പെടും.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനുള്ള ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ടെങ്കിലും വിയോജിക്കാനും പുനഃപ്പരിശോധന ആവശ്യപ്പെടാനും കഴിയും. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിടുമ്പോഴാണു നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപ്പരിശോധനയ്ക്കു നിയമസഭയിലേക്കു തിരിച്ചയയ്ക്കാം. അതല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാം.

എന്നാല്‍, ബില്ലുകളുടെ കാര്യത്തില്‍ ഒപ്പിടാനുള്ള കാലയളവ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. അതു ഗവര്‍ണര്‍ക്കു തീരുമാനിക്കാം. ഒപ്പിടണമെന്നു ഗവര്‍ണറോടു നിര്‍ദേശിക്കാനും നിയമമില്ല. ബില്‍ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും ബില്ലില്‍ ഒപ്പിടാതെ താമസിപ്പിക്കുന്നതു ജനങ്ങളോടു ചെയ്യുന്ന ക്രൂരതയാണെന്നുമാണു സര്‍ക്കാര്‍ നിലപാട്. നിയമസഭ പാസാക്കിയ രണ്ടു ബില്ലുകള്‍ വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഒപ്പിടില്ലെന്ന ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ഇതെല്ലാം നിയമ പ്രശ്‌നമായി ഉയര്‍ന്നുവരും.

ഭരണഘടനയിലെ 153 മുതല്‍ 164 വരെയുള്ള അനുച്‌ഛേദങ്ങളിലാണു ഗവര്‍ണറുടെ തെരഞ്ഞെടുപ്പും ചുമതലകളും പ്രതിപാദിക്കുന്നത്. മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും സഹായവും ഉപദേശവും അനുസരിച്ചു ഗവര്‍ണര്‍ ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഈ വകുപ്പുകള്‍ അനുശാസിക്കുന്നത്.