ബ്രഹ്‌മപുരം മാലിന്യ സംഭരണപ്രദശത്തെ തീപിടുത്തില്‍ ആരോപണവിധേയരായ സോണ്‍ടാ കമ്പനിയും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടെന്ന് കൊച്ചി നഗരസഭാ മുന്‍ മേയര്‍ ടോണി ചമ്മിണി. 2019 മെയ് എട്ടു മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലാണ്ട്‌സ് സന്ദര്‍ശിച്ചപ്പോള്‍ ഈ കമ്പനിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണ്‍ടാ ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ ഉള്‍പ്പെടെയുളളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കെ എസ് ഐ ഡി സി സിംഗിള്‍ ടെണ്ടറായി സോണ്‍ടക്ക്കരാര്‍ കൊടുത്തത്.

മുഖ്യമന്ത്രി, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സോണ്‍ടാ കമ്പനി പ്രതിനിധികളുമായി നില്‍ക്കുന്ന ഫോട്ടോയും ടോണി ചമ്മിണി പുറത്ത് വിട്ടു. കഴിഞ്ഞ പതിമൂന്ന് ദിവസം മുഖ്യമന്ത്രി വായ് തുറക്കാതിരുന്നത് ഈ കമ്പനിയുമായി അദ്ദേഹത്തിന് ബന്ധമുളളത് കൊണ്ടാണ്. പ്രതിപക്ഷ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഇന്ന് നിയമസഭയില്‍സംസാരിച്ചത് ആ കമ്പനിയെ വെളളപൂശുന്ന നിലയിലുമായിരുന്നു. ടെണ്ടറില്‍ പങ്കെടുക്കുന്ന കമ്പനിയുമായി കരാറിന് തൊട്ടുമുമ്പ് കൂടിക്കാഴ്ച നടത്തിയത് ശറിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ടോണി ചമ്മി ണി ആവശ്യപ്പെട്ടു.

കമ്പനിയുടെ പ്രതിനിധിയായി ഒരു വിദേശ പൗരന്‍ ഉണ്ടെന്നും അത് കൊണ്ട് ഈ ഇടപാടിനെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും ടോണി ചമ്മിണി പറഞ്ഞു. കേരളത്തിലെ ഏത് അഴിമതിയും അന്വേഷിച്ചാല്‍ ചെന്ന് നില്‍ക്കുക ക്‌ളിഫ് ഹൗസിലാണെന്നും ടോണി ചമ്മിണി പറഞ്ഞു.