ബോളിവുഡ് നടൻ സമീർ ഖഖർ ( 71) അന്തരിച്ചു. 80കളിലെ ഡിഡി ഹിറ്റ് ഷോയിലെ ജനപ്രിയ കഥാപാത്രമായ ഖോപ്ഡിയിലൂടെയാണ് താരം പ്രശസ്തനായത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സമീർ ഖാഖറിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് ബോറിവാലിയിലെ ബാഭായ് നക ശ്മശാനത്തിൽ നടക്കും.

ഏകദേശം നാല് പതിറ്റാണ്ടോളം അദ്ദേഹം  സ്റ്റേജ്, സിനിമ, ടിവി അഭിനേതാവായിരുന്നു. ഏറെ നാളായി അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ജയ് ഹോ’ ആയിരുന്നു, കൂടാതെ സഞ്ജീവനി എന്ന ടിവി ഷോയിലും സമീർ അഭിനയിച്ചിരുന്നു.

ഗുജറാത്തി നാടകങ്ങളിലൂടെ തുടങ്ങിയ സമീർ, നുക്കാദ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തനായത്. 80കളിലെ ഈ ഐക്കണിക് ഷോയുടെ പ്രശസ്തി അദ്ദേഹത്തെ ഒരു ജനപ്രിയ സ്വഭാവ നടനാക്കി. സർക്കസ്, നയ നുക്കാട്, ശ്രീമാൻ ശ്രീമതി, മണിരഞ്ജൻ, അദാലാത്ത് എന്നിവയായിരുന്നു സമീറിന്റെ ജനപ്രിയ ടിവി ഷോകൾ. ഹസീ ടു ഫേസി, പട്ടേൽ കോ പഞ്ചാബി ഷാദി, പുഷ്പക്, പരിന്ദ, ഷഹെൻഷാ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ  അദ്ദേഹത്തെ അലട്ടിയിരുന്നു.