ലൈഫ് മിഷന്‍ അഴിമതിക്കേസില്‍  പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ മൊഴി നിര്‍ണ്ണായകമാകും. കേസില്‍ സാക്ഷിയായി മൊഴി നല്‍കാന്‍ ഇഡി യൂസഫലിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടു തവണ ഹാജരാകുന്നതിനു നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹത്തിനു എത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നാം തവണയും  നോട്ടീസ് നല്‍കാനാണ് ഇഡി നീക്കം. അതിനു മുന്നോടിയായി ഇഡി നിയോമോപദേശവും തേടിയിട്ടുണ്ട്.  കേസില്‍ ഇഡിയ്ക്ക് മുന്‍പാകെ യൂസഫലി ഹാജരാകും എന്നാണ് ലഭിക്കുന്ന വിവരം.

റെഡ് ക്രസന്റിന്റെ 20 കോടി രൂപയുടെ സഹായം ലൈഫ് മിഷനു കൈമാറിയ പ്രതിനിധി സംഘത്തിൽ യുഎഇ ചേംബർ ഓഫ് കൊമേഴ്സ് ഉപാധ്യക്ഷൻ എന്ന നിലയിൽ യൂസഫലിയും ഉണ്ടായിരുന്നു. ഇതാണ് ഇഡി യൂസഫലിയെ വിളിപ്പിക്കുന്നതിനു പിന്നിലുള്ളത്. കേസുമായി ബന്ധപ്പെട്ടു മൊഴി നൽകാൻ ഈ മാസം 1 നും  8നും ഇഡി നോട്ടിസ് നൽകിയിരുന്നു. പക്ഷെ അദ്ദേഹത്തിനു ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.

ലൈഫ് മിഷന്‍ കേസിലെ പ്രതികള്‍ ഏറ്റവും ഭയപ്പെട്ടിരുന്നത് യൂസഫലിയുടെ ഇടപെടലുകളെയാണ്. യുഎഇ കോണ്‍സുലേറ്റില്‍  ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തിയാണ് യൂസഫലി. വഴിവിട്ട എല്ലാ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടാണ് അദ്ദേഹത്തിന്റെതും.   യുഎഇ കോണ്‍സുലേറ്റു അനധികൃത ഇടപാടുകള്‍ക്ക് വേദിയാക്കിയ സ്വപ്നയും കൂട്ടാളികളും ഏറ്റവുമധികം ഭയപ്പെട്ടത് യൂസഫലിയെയായിരുന്നു.  ഇത് സ്വപ്നയുമായി  ശിവശങ്കറും  സി.എം.രവീന്ദ്രനും  നടത്തിയത് എന്ന് പറഞ്ഞു പുറത്ത് വന്ന  ചാറ്റുകളിലും ഈ യൂസഫലി പേടി ഇവരെല്ലാം പ്രകടിപ്പിക്കുന്നുമുണ്ട്.  

യൂസഫലി ഇഡിയ്ക്ക് മുന്നില്‍ വന്നാല്‍ അദ്ദേഹം എന്താണ് പറയാന്‍ പോകുന്നത് എന്നത് കേസിനെ സംബന്ധിച്ച് പരമപ്രധാനമാണ്.  അറിയുന്ന കാര്യങ്ങള്‍ അദ്ദേഹം നല്‍കും എന്ന് തന്നെയാണ് ഇഡി വൃത്തങ്ങളുടെ പ്രതീക്ഷയും. ഇത് ഒരു പക്ഷെ കേസിന്റെ മുന്നോട്ടുള്ള പോക്കിന്റെ തന്നെ ഗതിയും നിര്‍ണ്ണയിച്ചേക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതീവ പ്രാധാന്യമുള്ള വ്യക്തിയാണ് യൂസഫലി. അതുകൊണ്ട് തന്നെ ഇഡി നോട്ടീസ് നല്‍കിയ കാര്യം പുറത്ത് വാര്‍ത്തയായപ്പോഴും പ്രതികരിക്കാന്‍ ഇഡി ഓഫീസ് മടിച്ചിരുന്നു. 

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി  യൂസഫലി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.   സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത് ലുലുവിനെയും തന്നെയും ബാധിക്കില്ലെന്നും  ധൈര്യപൂർവ്വം മുന്നോട്ട് പോകുമെന്നും യൂസഫലി ദുബൈയിൽ പറഞ്ഞിരുന്നു.  സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോടു ചോദിക്കണം. സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കൊന്നും താൻ മറുപടി പറയുന്നില്ലെന്ന്​ വ്യക്​തമാക്കിയ യൂസഫലി, നിയമപരമായിനേരിടേണ്ടതുണ്ടങ്കിൽ അത് ലുലു ലീഗൽവിഭാഗം പരിശോധിക്കുമെന്നും വ്യക്​തമാക്കിയിരുന്നു.