ഹെയ്തിയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയത്. മാർച്ച് പത്തിനാണ് സംഭവം.

ഫാ. ജീനിനെ തന്റെ വീടിന് സമീപത്ത് നിന്നാണ് മുഖംമൂടി വെച്ച സംഘം തട്ടിക്കൊണ്ടുപോയത്. വൈദികനെ കാറിൽ കയറ്റി എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തുടനീളം തട്ടിക്കൊണ്ടുപോകലുകൾക്ക് പേരുകേട്ട “400 മാവോസോ” യുടെ നിയന്ത്രണത്തിലുള്ള പോർട്ട്-ഓ-പ്രിൻസിലാണ് ഈ സംഭവം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2021 ഒക്ടോബറിൽ ഹെയ്തിയിൽ അനാഥാലയം പണിയുകയായിരുന്ന ഒരു കൂട്ടം അമേരിക്കൻ, കനേഡിയൻ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത് ഈ ക്രിമിനൽ സംഘമാണ്. അന്ന് കുറച്ച് സമയത്തിന് ശേഷം ബന്ദികളെ വിട്ടയച്ചിരുന്നു.