വധശിക്ഷ നിർത്തലാക്കുന്നതിനും ബദൽ ശിക്ഷകൾ ഏർപ്പെടുത്തുന്നതിനുമുള്ള അപേക്ഷ കൊറിയൻ പാർലമെന്റിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ദക്ഷിണ കൊറിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ “ജസ്റ്റിസ് ആൻഡ് പീസ്” കമ്മീഷൻ. മാർച്ച് പതിമൂന്നാം തീയതി ആണ് ഈ അഭ്യർത്ഥന പാർലമെന്റിന്റെ മുൻപാകെ കത്തോലിക്കാ സഭാ നേതൃത്വം അവതരിപ്പിച്ചത്.

ദക്ഷിണ കൊറിയയിൽ നിന്നുള്ള 25 ബിഷപ്പുമാരും പതിനാറു രൂപതകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഒപ്പുവച്ച നിവേദനം ആണ് പാർലമെന്റിനു മുൻപാകെ സമർപ്പിച്ചത്. ഏകദേശം 75,843 പേരുടെ ഒപ്പുകൾ ഈ നിവേദനത്തിൽ ശേഖരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വധശിക്ഷ നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള ബില്ലുകൾ ഒമ്പത് തവണ ദേശീയ അസംബ്ലിയിൽ സമർപ്പിച്ചെങ്കിലും അവ എല്ലായ്പ്പോഴും നടപടിയില്ലാതെ തുടരുകയാണ്.

നിലവിലെ 21-ാമത് ദേശീയ അസംബ്ലിയിൽ, ഡെമോക്രാറ്റിക് പാർട്ടി അംഗം ലീ സാങ്-മിൻ അവതരിപ്പിച്ച “സ്പെഷ്യൽ ഡെത്ത് പെനാൽറ്റി അബോളിഷൻ ലോ” എന്ന ബിൽ, ദേശീയ അസംബ്ലിയിലെ 31 അംഗങ്ങൾ പിന്തുണച്ചിരുന്നു. ഈ ബില്ലിൽ വൈകാതെ തീരുമാനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളെ മുൻ നിർത്തിയാണ് വധശിക്ഷ നിർത്തലാക്കണം എന്ന അഭ്യർത്ഥന ഒരിക്കൽകൂടി സഭാ നേതൃത്വം നടത്തിയത്.