തിരുവനന്തപുരം: ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയ സൗജന്യ ചികിത്സ ലഭ്യമാക്കും. നടപടി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് ​ഗണേഷ്കുമാർ വിഷയം സഭയിൽ ഉന്നയിച്ചത്. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോ​ഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്. 

ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു. 

ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ഷീബയുടെ ആരോപണം. ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്. ഇന്നലെ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ ഷീബയുടെ ദുരിതം നിയമസഭയിലും അറിയിച്ചു. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന ​ഗണേഷ്കുമാറിന്റെ പരാമർശം വിവാദമായിരുന്നു. വയർ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും ഗണേഷ് ആരോപിക്കുന്നു. ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും  തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു.  നേരത്തെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു.