പേരക്കുട്ടികൾക്ക് സമ്മാനമൊരുക്കി നൽകി മുകേഷ് അംബാനിയും നിതാ അംബാനിയും. ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ  ചെയർമാനുമായ  മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. കഴിഞ്ഞ നവംബറിലാണ് ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇഷ അംബാനിയുടെ കുഞ്ഞുങ്ങളായ കൃഷ്ണയ്ക്കും ആദിയയ്ക്കും മനോഹരമായ അലമാര സമ്മാനിച്ചിരിക്കുകയാണ് മുത്തശ്ശനും മുത്തശ്ശിയും. 

ഗിഫ്റ്റ്സ് ടെൽ ഓൾ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ആദിയയ്‌ക്കും കൃഷ്‌ണയ്‌ക്കും ലഭിച്ച സമ്മാനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആഡംബരമായ അലമാരയിൽ പേസ്റ്റൽ നിറത്തിലുള്ള പൂക്കളും  ടെഡി ബിയറുകളും നിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഹോട് എയർ ബലൂണുകൾ മേഘങ്ങൾ, ഒരു വിമാനം എന്നിവ ഉൾപ്പെടുന്ന മനോഹരമായ വാൾപേപ്പറുള്ളതാണ് ഈ അലമാര. 5 അടി ഉയരമുള്ള ഇളം മഞ്ഞ നിറത്തിലുള്ള അലമാരയുടെ വാതിലിനു മുകളിൽ “ആദിയയുടെയും കൃഷ്ണയുടെയും സാഹസികത” എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ പ്രത്യേകം നിർമ്മിച്ച രണ്ട് പെട്ടികളും അലമാരയ്ക്കകത്തുണ്ട്. അവയിൽ  “ആദിയ ശക്തി”, “കൃഷ്ണ” എന്നീ പേരുകൾ എഴുതിയിട്ടുണ്ട്. അലമാര തുറക്കുമ്പോൾ നാല് ചെറിയ ഡ്രോയറുകളും രണ്ട് വലിയ ഡ്രോയറുകളും കാണാം.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളായ ഇഷ അംബാനി, വ്യവസായിയായ അജയ് പിരാമലിന്റെ മകൻ ആനന്ദ് പിരാമലിനെയാണ് വിവാഹം ചെയ്തത്.  2018-ൽ വിവാഹിതരായ ഇവർക്ക്  2022 നവംബർ 19-ന് കൃഷ്ണ-ആദിയ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. 

അമേരിക്കയിലായിരുന്നു ഇരട്ടക്കുട്ടികളുടെ ജനനം. തുടർന്ന് ഇന്ത്യയിലെത്തിയ ഇഷ അംബാനിയുടെ കുടുംബത്തെ സ്വീകരിക്കാൻ മുകേഷ് അംബാനി  ഗംഭീരമായ ആഘോഷം നടത്തിയിരുന്നു. ഇരട്ട കുട്ടികൾക്കായി മുകേഷ് അംബാനിയുടെ വീടായ ആന്റിലയിൽ നഴ്സറി സ്ഥാപിച്ചിട്ടുണ്ട് ലോറോ പിയാന, ഹെർമിസ്, ഡിയോർ തുടങ്ങിയ ആഡംബര ബ്രാൻഡുകളിൽ നിന്നുള്ള ഫർണിച്ചറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്.