അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന് ശേഷം ചേതേശ്വർ പൂജാരയെ ‘ട്രോളി’ സ്പിന്നർ ആർ.അശ്വിൻ. മത്സരത്തിന്റെ അവസാന ദിനം പൂജാര പന്തെറിയാനെത്തിയിരുന്നു. ഇതിനുശേഷമാണ് അശ്വിൻ താരത്തെ ട്രോളിയത്.

ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ബാറ്റുചെയ്യുന്നതിനിടെ നായകൻ രോഹിത് ശർമ പന്തെറിയാനായി പൂജാരയെ ഏൽപ്പിച്ചു. ബാറ്റർ മാത്രമായ പൂജാര പന്തെറിയുന്നത് കണ്ട് ആരാധകർ അമ്പരന്നു. സ്പിൻ ബൗളിങ്ങാണ് പൂജാര കാഴ്ചവെച്ചത്. ഇതിനുപിന്നാലെയാണ് അശ്വിന്റെ കമന്റെത്തിയത്. ‘ ഞാനിനി എന്ത് ചെയ്യും? ജോലി ഉപേക്ഷിച്ചാലോ?’ അശ്വിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അശ്വിന്റെ ഈ ട്രോൾ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. 

പിന്നാലെ പൂജാരയുടെ മറുപടിയുമെത്തി. ജോലി ഉപേക്ഷിക്കേണ്ടെന്നും നാഗ്പുർ ടെസ്റ്റിൽ വൺ ഡൗൺ ആയി അശ്വിൻ ഇറങ്ങിയതിനുള്ള നന്ദി സൂചകമായാണ് പന്തെറിഞ്ഞതെന്നും പൂജാര നർമത്തിൽ കലർന്ന വാക്കുകളിലൂടെ മറുപടി നൽകി. ഈ രണ്ട് പോസ്റ്റുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നാലാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ പരമ്പര നേടുകയും ചെയ്തു. ടൂർണമെന്റിലെ താരമായി അശ്വിനും ജഡേജയും തിരഞ്ഞെടുക്കപ്പെട്ടു. അശ്വിൻ നാല് ടെസ്റ്റിൽ നിന്നായി 25 വിക്കറ്റുകളാണ് വീഴ്ത്തിയത്.