ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷം ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യമായി ഇന്ത്യ. 2013-17 കാലയളവിൽ ആയുധ ഇറക്കുമതിയിൽ 11 ശതമാനം കുറവുണ്ടായിരുന്നു. എന്നാൽ, 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്തത് ഇന്ത്യയാണ്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2013-17ലും 2018-2022ലും റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാർ. എന്നാൽ, റഷ്യയുടെ ആ‍യുധ ഇറക്കുമതി അളവ് 2018-2022 കാലയളവിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 64 ശതമാനത്തിൽനിന്ന് 45 ശതമാനമായാണ് റഷ്യയിൽനിന്ന് ഇന്ത്യ ആയുധം വാങ്ങുന്നത് കുറഞ്ഞത്. റഷ്യ കഴിഞ്ഞാൽ ഫ്രാൻസിൽ നിന്നാണ് ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത്, 29 ശതമാനം. 11 ശതമാനം വാങ്ങലുകൾ അമേരിക്കയിൽനിന്നുമാണ്.

ഈ രാജ്യങ്ങളിൽനിന്നല്ലാതെ കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ ഇസ്രായേൽ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യ ആയുധങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങിയതെന്നാണ് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.