മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് 50,000 രൂപ എഫ്ഡി നല്‍കും. സമുദായത്തില്‍ ജനസംഖ്യകുറയുന്നതില്‍ ആശങ്കാകുലരായ മഹേശ്വരി സമുദായമാണ് ഈ പ്രത്യേക ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയായിരുന്നെങ്കില്‍ മാത്രമായിരുന്നു പണം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലിംഗഭേദമില്ലാതെ ഏത് കുട്ടികളുളള മാതാപിതാക്കള്‍ക്കും ഇത് ലഭിക്കും.

മൂന്ന് കുട്ടികള്‍ എന്നതിലേക്ക് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമുദായം ഇപ്പോള്‍ പദ്ധതിയിട്ടിട്ടുണ്ട്. രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന സേവാസദന്റെ പൊതുയോഗത്തിലും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിവാഹം കഴിക്കാന്‍ സമുദായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവശേഷിക്കുന്നില്ലെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായി.

ഇത്തരമൊരു സാഹചര്യത്തില്‍ സമുദായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ടാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന കുടുംബത്തിന് ആദരവ് നല്‍കാന്‍ തീരുമാനിച്ചത്. രാംകുമാര്‍ജി ഭൂതദയുടെ അധ്യക്ഷതയിലാണ് മഹേശ്വരി സമുദായത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നത്. രാജസ്ഥാനിലെ മിക്കവാറും എല്ലാ ജില്ലകളില്‍ നിന്നുമുള്ള നൂറുകണക്കിന് സമുദായംഗങ്ങള്‍ ഇതില്‍ പങ്കെടുത്തു.