വിഷമയമായ പുക ശ്വസിച്ച്, കൊച്ചിയിലെ വീടുകളിൽ എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാരുണ്ട് എന്നതാണ് ഏറെ ദിവസമായി ഏറ്റവും വലിയ വേദന – ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക മൂലമുള്ള പ്രതിസന്ധിയിൽ ആശങ്ക പങ്കുവച്ച് മോഹൻലാൽ പറഞ്ഞു. 

വയോധികരും കുഞ്ഞുങ്ങളും രോഗികളുമുൾപ്പെടെ ഇങ്ങനെ കഴിയേണ്ടിവരുന്നതു പേടിപ്പെടുത്തുന്ന കാര്യമാണ്. ശ്വാസകോശങ്ങളിലെത്തുന്ന ഈ പുകയുടെ ഭവിഷ്യത്ത് ഒരുപക്ഷെ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വന്നേക്കാം. പ്രകൃതിദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല, മനുഷ്യനുണ്ടാക്കിയ ദുരന്തമാണ് ഇതെന്നതാണു കൂടുതൽ ഖേദകരം. 

ഞാൻ രാജസ്ഥാനിലെ പൊഖ്റാനിൽ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യനാട്ടിൽ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താൽക്കാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല. നാളെയോ മറ്റന്നാളോ ഇതെല്ലാം അവരെയും കാത്തിരിക്കുന്നുണ്ട്. 

ഇത് ആരുടെ വീഴ്ചയാണെന്ന തർക്കത്തിനിടെ അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുന്നു. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വർഷം മുൻപു ഞാനൊരു കുറിപ്പിൽ മാലിന്യം കൈവിട്ടുപോകുന്ന പ്രശ്നമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ കത്ത് മുഖ്യമന്ത്രിക്കും നൽകിയിരുന്നു. 

മാലിന്യം സംസ്കരിക്കാൻ മികച്ച സംവിധാനമുണ്ടായാൽ ജനം സ്വയം അത്തരം സംസ്കാരം പിന്തുടരും. തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗങ്ങളിൽ ഞാ‍ൻ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഇനി വരുന്നില്ലെന്നു പറഞ്ഞു. ചർച്ചകൊണ്ടു മാത്രം ഒന്നും നടക്കില്ല; നടപടി വേണം.– മോഹൻലാൽ ചൂണ്ടിക്കാട്ടി.