ലോസ്ആഞ്ചലസ്: എമ്മി പുരസ്കാര ജേതാവായ അമേരിക്കൻ നടൻ റോബർട്ട് ബ്ലേക്ക് അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് വ്യാഴാഴ്ച ലോസ്ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം.

1933 സെപ്തംബർ 18ന് ന്യൂജേഴ്സിയിൽ ജനിച്ച ബ്ലേക്ക് 1967ൽ പുറത്തിറങ്ങിയ ‘ ഇൻ കോൾഡ് ബ്ലഡ് “, 1970കളിൽ സംപ്രേക്ഷണം ചെയ്ത ‘ബറേറ്റ” എന്ന ടെലിവിഷൻ സീരീസ് എന്നിവയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായി അഭിനയം തുടങ്ങിയ ബ്ലേക്ക് 30കളിലും 40കളിലും നിരവധി സിനിമകളിലും ടി.വി സീരീസുകളിലും അഭിനയിച്ചു. അഭിനയ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ചെങ്കിലും മുൻ ഭാര്യയുടെ മരണം ബ്ലേക്കിനെ വിവാദങ്ങളിലേക്ക് തള്ളിവിട്ടു. രണ്ടാം ഭാര്യയായ ബോണി ലീ ബേക്ക്‌ലീയെ ബ്ലേക്കിന്റെ കാറിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ലോസ്ആഞ്ചലസിലെ ഒരു റെസ്റ്റോറന്റ് പരിസരത്ത് 2001ലായിരുന്നു സംഭവം. ബോണിയുടെ കൊലയ്ക്ക് പിന്നിൽ ബ്ലേക്കാണെന്ന് ആരോപണം ഉയർന്നു. ബ്ലേക്കിനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തി. ബോണിയെ കൊല്ലാൻ ബ്ലേക്ക് ആളെ തരപ്പെടുത്തിയെന്നും തന്റെ പണം തട്ടാൻ ബോണി പദ്ധതിയിടുന്നതായി ബ്ലേക്ക് വിശ്വസിച്ചിരുന്നെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. നിരവധി തെളിവുകളും ബ്ലേക്കിനെതിരെ അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ബ്ലേക്കിനെ കൊലയുമായി ബന്ധിപ്പിക്കുന്ന ഫോറൻസിക് തെളിവുകൾ ലഭിച്ചില്ല. കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തെയും ബ്ലേക്കുമായി ബന്ധിപ്പിക്കാനായില്ല. ഇതോടെ 2005ൽ ബ്ലേക്ക് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു.

എന്നാൽ ബോണിയുടെ മുൻ വിവാഹത്തിലുള്ള മക്കൾക്ക് ബ്ലേക്ക് വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വന്നു. ബോണിയുടെ കൊലയാളി ആരാണെന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മരണം വരെ ബ്ലേക്കിനെ വിവാദങ്ങൾ വേട്ടയാടിയിരുന്നു. ലോസ്റ്റ് ഹൈവേ ( 1997 ) ആണ് ബ്ലേക്ക് അഭിനയിച്ച അവസാന ചിത്രം.