എടുത്ത ലോട്ടറിക്ക് കോടികളടിച്ചെങ്കിലും ആ പണം കിട്ടാനുള്ള ഭാ​ഗ്യം ഉണ്ടായില്ല.  1,765 കോടിയാണ് യു കെയിലുള്ള റേച്ചൽ കെന്നഡിയെന്ന യുവതിയും കാമുകൻ ലിയാമും എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത്. നമ്പറൊക്കെ പരിശോധിച്ച റേച്ചലിന് സന്തോഷം അടക്കാനായില്ല. അവൾ തന്റെ അമ്മയോടും കാമുകനായ ലിയാമിനോടും ഈ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു. 

ബ്രൈറ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ റേച്ചൽ എല്ലാ ആഴ്ചയും ലോട്ടറി എടുക്കാറുണ്ട്. ഒരേ നമ്പർ തന്നെയാണ് എടുക്കുന്നത്. ഫലം പരിശോധിച്ചപ്പോൾ അതേ നമ്പർ തന്നെയാണ് വിജയിച്ചിരിക്കുന്നത് എന്നും കണ്ടു. അങ്ങനെ ആപ്പിൽ പോയി റേച്ചൽ ‘വിന്നിം​ഗ് മാച്ച്’ കൊടുക്കുകയും ചെയ്തു. എന്നാൽ, ആ നിമിഷത്തിലാണ് അവൾ ആ സത്യം മനസിലാക്കിയത്. ലോട്ടറി ഫലം അനുകൂലമാണ് എങ്കിലും അവൾക്ക് ആ തുക കിട്ടില്ല. കാരണം, ലോട്ടറി ടിക്കറ്റിനുള്ള പണം അവളുടെ അക്കൗണ്ടിൽ ഇല്ലാത്തതിനാൽ തന്നെ ആ ടിക്കറ്റ് അവൾക്ക് സ്വന്തമായിരുന്നില്ല. 

തങ്ങൾക്കുണ്ടായ നിരാശയെ കുറിച്ച് ലിയാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. ഇത്രയും കോടികൾ തൊട്ടടുത്ത് വന്ന് ഇല്ലാതായി പോയതിൽ അത്രയേറെ നിരാശയാണ് താൻ എന്ന് റേച്ചലും പറഞ്ഞു. തന്നെപ്പോലൊരു നിർഭാ​ഗ്യം ആർക്കുണ്ടാവും എന്നാണ് റേച്ചൽ ചോദിക്കുന്നത്.