രിത്രത്തിലൂടെ, അതിമനോഹരമായ ഭൂപ്രകൃതിയിലൂടെ, ഭൂമിയുടെ മടിത്തട്ടിലൂടെ ശ്വാസമടക്കിപ്പിടിച്ച് നടത്തുന്ന യാത്ര. ട്രാൻസ് ഭൂട്ടാൻ ട്രയലിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 60 വർഷത്തിന് ശേഷം ആദ്യമായി ഇങ്ങനെയൊരു യാത്ര നടത്താനൊരുങ്ങുകയാണ് ഭൂട്ടാൻ ഭരണകൂടം. ലോകത്തിലെ തന്നെ ഏറ്റവും വ്യതൃസ്തമായ രാജ്യങ്ങളിലൊന്നിലൂടെ 9 ജില്ലകളിലെ 28ഓളം ഗ്രാമങ്ങളിലൂടെ ഒരു ദേശീയ ഉദ്യാനത്തിലൂടെ 400 ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളിലൂടെ സഞ്ചാരികൾക്ക് യാത്ര ചെയ്യാം.

പടിഞ്ഞാറ് ഹാ താഴ്വരയ്ക്കും കിഴക്ക് ട്രാഷിഗാങ് പട്ടണത്തിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത 1962 വരെ ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായിരുന്നു. പിന്നീട് ഭൂട്ടാനിലെ ആദ്യ ദേശീയപാതയുടെ പിറവിയോടെ ഈ പാത ഉപയോഗിക്കാതായി. പതിറ്റാണ്ടുകൾ ഉപയോഗ ശൂന്യമായി കിടന്നതോടെ ഈ പാതയിലെ റോഡുകളും പാലങ്ങളും തകർന്നിരുന്നു. രാജ്യത്തിന്റെ മഹത്തായ പൈതൃക പാതയെ പുനരുജ്ജീവിപ്പിക്കാനുള്ള ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ ഇടപെടലുകളാണ് ഈ പാതയ്ക്ക് വീണ്ടും ജീവൻ നൽകിയത്. ഈ പാത സംരക്ഷിക്കപ്പെടുന്നതോടെ രാജ്യത്തിന്റെ ചരിത്രവും സംരക്ഷിക്കപ്പെടുമെന്ന് രാജാവ് വിശ്വസിക്കുന്നു. സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ഭൂട്ടാൻ ട്രയൽ ഒരുകാലത്ത് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പാതയായി കണക്കാക്കപ്പെട്ടിരുന്നത്. ഭൂട്ടാനെ ഒരു രാജ്യമായി ഒരുമിച്ച് നിർത്തുന്നതിലും ഈ പാത വലിയ പങ്ക് വഹിച്ചിരുന്നു. ലോകത്തിലെ പ്രധാന ഭരണാധികാരികൾ, സന്യാസിമാർ, വ്യാപാരികൾ, സാഹസികർ തുടങ്ങിയവരെല്ലാം ഈ പാത ഉപയോഗിച്ചിരുന്നു. ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീർഥാടന പാതകളിലൊന്നായിരുന്നു ഇത്.

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട രാജ്യമായ ഭൂട്ടാനിന്റെ ഹൃദയത്തിലൂടെയുള്ള ഈ യാത്രയെ വിനോദസഞ്ചാര ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സഞ്ചാരികളുടെ പ്രവാഹം കണക്കിലെടുത്ത് ട്രാൻസ് ഭൂട്ടാൻ ട്രയൽസ് ഓർഗനൈസേഷന്റെ സഹകരണത്തോടെ ഒരു ട്രാൻസ് ഭൂട്ടാൻ ട്രയൽ പാസ്പോർട്ട് പ്രോഗ്രാം ആരംഭിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂട്ടാനിലുടനീളം അറുപതിലധികം പാസ്പോർട്ട് അംബാസിഡർമാരെയും നിയമിച്ചിട്ടുണ്ട്. 

യാത്രക്കാർക്ക് 18 പ്രധാന പാലങ്ങൾ പര്യവേക്ഷണം ചെയ്യാനും 10000 പടികൾ കയറാനും കഴിയും. കൂടാതെ ഈ റൂട്ടിലൂടെ മൗണ്ടൻ ബൈക്കുകളെടുത്ത് സാഹസികയാത്ര നടത്താനുമാവും. കിഴക്കൻ ഹിമാലയൻ മേഖലയുടെ കാഴ്ചകളാണ് ഈ വഴിയിൽ ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നത്. സഞ്ചാരികൾക്ക് മുമ്പൊരിക്കലും അനുഭവിക്കാനാവാത്ത ഭൂട്ടാന്റെ പ്രകൃതി ഭംഗി അടുത്തറിയാനുള്ള അവസരമാണിത്.