തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവർക്കും സംഘത്തിനും എതിരെ കേസ്. ആന്‍റണിയെന്ന ടാക്സി ഡ്രൈവറടക്കം അഞ്ച് പേർക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. യുവതിയെ അപമാനിക്കുന്നത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദ്ദിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അടിമലത്തുറയിലെ റിസോർട്ടിൽ താമസിക്കുന്ന യുവതി രാത്രി ബീച്ചിൽ നടക്കാനിറങ്ങിയപ്പോൾ ആന്‍റണിയും സംഘവും യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു.

ആന്‍റണിയുടെ ടാക്സിയിൽ യുവതി നേരത്തെ സഞ്ചരിച്ചിരുന്നു. ഫോൺ നമ്പർ കൈക്കലായിക്കിയ ഇയാള്‍ യുവതിയെ ഫോണിലൂടെയും ശല്യം ചെയ്തിരുന്നു. ഈ പരിചയം മുതലാക്കിയാണ് യുവതി നടക്കാനിറങ്ങിയപ്പോൾ ആന്‍റണിയും സംഘവും പിന്തുടർന്നത്. 

യുവതിയെ അപമാനിക്കുന്നത് കണ്ട് തടയാനെത്തിയ റിസോർട്ടിലെ ഷെഫ് രാജാ ഷെയ്ക്കിനെയും സംഘം മർദ്ദിച്ചു. ഷെഫിന്‍റെ പരാതിയിലാണ് ആദ്യം പൊലീസ് കേസെടുത്തത്. പിന്നീട് യുവതിയുടെ മൊഴിയും രേഖപ്പെടുത്തി കേസെടുത്തു. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.