തൃശൂർ: തൃശ്ശൂർ വാടാനപള്ളിയിൽ റിട്ടയേഡ് അധ്യാപികയെ മോഷ്ടാവ് കുത്തിക്കൊന്നതാണെന്ന് കണ്ടെത്തി പൊലീസ്. ഗണേശമംഗലത്ത് റിട്ടയേഡ് അധ്യാപിക വസന്തയെ ആഭരണം തട്ടിയെടുക്കാൻ വേണ്ടിയാണ് മോഷ്ടാവ് കുത്തിക്കൊന്നത്. ശരീരത്തിൽ ആറ് തവണ കുത്തേറ്റു
കുത്താൻ ഉപയോഗിച്ച് കഠാര വീട്ടിൽ നിന്ന് കണ്ടെടുത്തു. തട്ടിയെടുത്ത ഇരുപത് പവൻ സ്വർണാഭരണം പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 7:15 ഓടെയായിരുന്നു സംഭവം. വീടിന് പിന്നിൽ നിന്ന് പല്ല് തേയ്ക്കുകയായിരുന്നു വസന്ത. ആഭരണങ്ങൾ പിടിച്ചു പറിക്കുന്നതിനിടെയാണ് വസന്തയുടെ തലയ്ക്ക് അടിയേറ്റത്. കരച്ചിൽ കേട്ട് അയൽവാസികൾ വീടിന് മുന്നിൽ വന്ന് നോക്കിയെങ്കിലും ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ച് പരിശോധിച്ചപ്പോഴാണ് വീടിന് പുറകിൽ മൃതദേഹം കണ്ടത്. വസന്തയുടെ വീടിന്റെ മതിൽ ചാടി കടന്ന് ഒരാൾ പോകുന്നത് സമീപത്ത് മീൻ വിറ്റുകൊണ്ടിരുന്നവർ കണ്ടിരുന്നു.

ഇയാളെ തടഞ്ഞുനിർത്തി ഫോട്ടോയെടുത്ത് ഇവർ പറഞ്ഞു വിടുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞതോടെ ഈ ഫോട്ടോ പൊലീസിന് കൈമാറി. ഗണേശമംഗലം സ്വദേശി തന്നെയായ ജയരാജനായിരുന്നു മതിൽ ചാടി കടന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. 78 വയസ്സുള്ള വസന്ത രണ്ടു നില വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവ് നേരത്തെ മരിച്ചു പോയി. വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായി ജയരാജന് അറിവുണ്ടായിരുന്നു. പ്രതിക്ക് 68 വയസ്സുണ്ട്.