വാഷിംഗ്ടൺ: താൻ ഇപ്പോഴും വൈറ്റ് ഹൗസിൽ തുടരുകയായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തുമായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 

‘ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ, റഷ്യ-ഉക്രെയ്ൻ യുദ്ധം സംഭവിക്കില്ലായിരുന്നു. ഭീകരവും അതിവേഗം വളരുന്നതുമായ ഈ യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കാൻ എനിക്ക് സാധിച്ചേനെ’, വക്താവ് ലിസ് ഹാരിംഗ്ടണിന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ട്രംപ്  പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കാൻ ചർച്ച നടത്തുമെന്ന് അവകാശപ്പെട്ട ട്രംപ് പരോക്ഷമായി ബൈഡനെ വിമർശിക്കുകയായിരുന്നു. അമേരിക്കൻ നിർമ്മിത അബ്രാംസ് ടാങ്കുകൾ യുക്രെയ്‌നിലേക്ക് അയയ്ക്കാനുള്ള ജോ ബൈഡന്റെ തീരുമാനത്തെയാണ് ട്രംപ് വിമർശിച്ചത്. യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. 

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ഇപ്പോൾ 12-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്‌നിലെ ജീവന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നഷ്ടം വളരെ വലുതാണ്. റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജർമ്മനിക്കൊപ്പം 31 യുദ്ധ ടാങ്കുകൾ യുക്രെയ്‌നിലേക്ക് അയയ്ക്കുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തിരുന്നു.