നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ കൂച്ചുവിലങ്ങിട്ട് പൂട്ടി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ വമ്പന്‍ ജയവും.

നാല് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കിവീസിനെ പിടിച്ചു കെട്ടിയത്. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 25 ബോളില്‍നിന്ന് താരം 35 റണ്‍സ് നേടി. 13 റണ്‍സ് നേടിയ സാന്റ്‌നറാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റാരും സന്ദര്‍ശകരില്‍ രണ്ടക്കം കടന്നില്ല.

സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (63 പന്തില്‍ 126*), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 24), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ച്വറിയാണ് കിവീസിനെതിരെ നേടിയത്.