തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കൂടാതെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാർ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ 10 കാറുകളാണ് പ്രതിപക്ഷ നേതാവിനും 7 മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും വാഹനം അനുവദിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, കെ രാജൻ, അബ്ദു റഹ്മാൻ, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർക്കാണ് ടൂറിസം വകുപ്പ് പുതിയ ഇന്നോവ അനുവദിച്ചത്.

മന്ത്രിമാർക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിക്കും പുതിയ ഇന്നോവ അനുവദിച്ചിട്ടുണ്ട്. രണ്ട് ലക്ഷം കിലോമീറ്ററിൽ അധികം ഓടിയ വാഹനങ്ങളാണ് മാറ്റിയതെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. കെ ബാലഗോപാൽ ഒഴികെ മറ്റെല്ലാവരും പുതിയ വാഹനം കൈപ്പറ്റിയിട്ടുണ്ട്. പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകുകയും ചെയ്തു. ബജറ്റിന് ശേഷം ധനമന്ത്രി പുതിയ വാഹനത്തിലേക്ക് മാറുമെന്നാണ് വ്യക്തമാകുന്നത്.