ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമം. മൂന്നാറിൽ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ടിടിസി വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പെൺക്കുട്ടിയുടെ നാട്ടുകാരനായ യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. സംഭവശേഷം ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ കഴിഞ്ഞ് താമസസ്ഥലമായ ഹോസ്റ്റലിലേക്ക് പോകും വഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവതി പഠിക്കുന്ന സ്കൂൾ മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്. സ്കുൾ കഴിയുന്നതുവരെ കാത്ത് നിന്നശേഷം ആളൊഴിഞ്ഞ പ്രദേശത്ത് യുവതി എത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴുത്ത് ലക്ഷ്യമാക്കിയാണ് പ്രതി വെട്ടിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റം ചുമത്തി കേസെടുത്തതായി മൂന്നാർ എസ് ഐ കെ ഡി മണിയൻ പറഞ്ഞു.

ഒരേ നാട്ടുകാരായ യുവതിക്ക് കുട്ടികാലം മുതൽ യുവാവിനെ പരിചയമുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് യുവാവ് ഇഷ്ടം അറിയിച്ചിരുന്നു. എന്നാൽ യുവതി ഉൾകൊള്ളാൻ തയ്യാറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്നും മൂന്നാറിലെത്തി. എന്നാൽ ഫോൺ നമ്പർ സംഘടിപ്പിച്ച് യുവാവ് ശല്യപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ദിവസം ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവ് മൂന്നാറിലെത്തി യുവതിയെ ആക്രമിച്ചത്. പെൺകുട്ടിയും യുവാവും പാലക്കാട് സ്വദേശികളാണ്.